05/02/2025
#Kerala

കേരളം നിയമസംഹിതയില്ലാത്ത സംസ്ഥാനം,പ്രതിഷേധത്തിന് പിന്നില്‍ മുഖ്യമന്ത്രി; ഗവര്‍ണര്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പിണറായി വിജയന്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. ദൂരെ നിന്ന് കരിങ്കൊടി കാണിക്കുന്നതിലല്ല പ്രശ്‌നം. തന്റെ കാറില്‍ അടിക്കാന്‍ ശ്രമിച്ചു. മുഖ്യമന്ത്രി പോയാല്‍ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും ഗവര്‍ണര്‍. എസ്എഫ്ഐ പ്രതിഷേധത്തിന് പിന്നാലെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ സമരം അവസാനിപ്പിച്ചു.

എഫ്ഐആറിന്റെ പകര്‍പ്പ് കൈയില്‍ കിട്ടിയ ശേഷമാണ് രണ്ടുമണിക്കൂര്‍ നേരം നീണ്ട കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമസംഹിതയില്ലാത്ത സംസ്ഥാനമാണ് കേരളം. നിയമവാഴ്ചയുടെ തകര്‍ച്ച വച്ചുപൊറുപ്പിക്കില്ല. പ്രതിഷേധത്തിന് പിന്നില്‍ മുഖ്യമന്ത്രി. പ്രതിഷേധക്കാര്‍ കൂലിക്കെടുത്തവരാണെന്നും ഗവര്‍ണര്‍.

പൊലീസിനെ കുറ്റം പറയുന്നില്ല. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. നവകേരള സദസിനെതിരെ സമരം ചെയ്തവരുടെ അവസ്ഥ എന്തായിരുന്നു?- ഗവര്‍ണര്‍. കൊട്ടാരക്കരയിലെ സദാനന്ദ ആശ്രമത്തില്‍ പരിപാടിക്കായി ഗവര്‍ണര്‍ പോകുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് കടുത്ത വകുപ്പുകളാണ് ചുമത്തിയത്. ഗവര്‍ണര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്ന ഐപിസി 124 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

കൊല്ലം ജില്ലാ സെക്രട്ടറി ഉള്‍പ്പടെ 17 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. ഗവര്‍ണറുടെ വാഹനം തടഞ്ഞു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്നും എഫ്ഐആറില്‍ പറയുന്നു. പ്രതിഷേധത്തിനിടെ കാറില്‍ നിന്നിറങ്ങിയ ഗവര്‍ണര്‍, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരേ ക്ഷുഭിതനായി പാഞ്ഞടുത്തു. പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. വാഹനത്തില്‍ തിരിച്ചുകയറാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍ റോഡിനു സമീപത്തെ ചായക്കടയുടെ മുന്നില്‍ കസേരിയിട്ടിരുന്ന് പ്രതിഷേധിച്ചു.

Leave a comment

Your email address will not be published. Required fields are marked *