ശ്രീരാമനെ രാഷ്ട്രീയനേട്ടത്തിനായി ബി ജെ പിദുരുപയോഗം ചെയ്യുന്നു: സ്വാദിഖലി തങ്ങള്‍
കോഴിക്കോട് – ശ്രീരാമനെ എല്ലാവരും ആദരവോടെയാണ് കാണുന്നതെന്നും എന്നാല്‍, അയോധ്യയിലെ രാമക്ഷേത്രത്തെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍.
ആ കാപട്യം രാജ്യത്തിന് മുമ്ബില്‍ തുറന്നുകാണിക്കേണ്ടത് മുസ്ലിം ലീഗിന്റെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് ബീച്ചില്‍ മുസ്ലിം യൂത്ത് ലീഗ് മഹാറാലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം ഭരിക്കുന്നവര്‍ വിദ്വേഷം പ്രചരിപ്പിക്കുന്നു. അവരതിന് ബാബരി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രത്തെയാണ് കൂട്ടുപിടിച്ചത്. ശ്രീരാമനെ ഞങ്ങളെല്ലാവരും അംഗീകരിക്കുന്നുണ്ട്. ശ്രീരാമന്‍ മനുഷ്യസ്നേഹിയായിരുന്നു. എന്നാല്‍, ആ മഹാനെ രാഷ്ട്രീയ വിജയത്തിന് വേണ്ടി ദുരുപയോഗം ചെയ്യുകയാണ് ബി ജെ പി. വിദ്വേഷത്തെ സ്നേഹം കൊണ്ടും സാഹോദര്യം കൊണ്ടും നേരിടുകയെന്നതാണ് മുസ്ലിം ലീഗിന്റെ നയം.
ചരിത്ര യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ മുസ്ലിംകളെ സംരക്ഷിക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നത്. വിയോജിപ്പുകളെ ഭരണകൂടം അംഗീകരിക്കാത്ത സ്ഥിതിയാണ്. എതിര്‍ സ്വരങ്ങള്‍ ഇല്ലാതാക്കാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ശ്രമിക്കുന്നത്. എതിര്‍സ്വരങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്.
അധികാരം ഇല്ലാതെ പൊരിവെയിലില്‍ നിന്നാണ് മുസ്ലിം ലീഗും യൂത്ത് ലീഗും പരിപാടികള്‍ വിജയിപ്പിച്ചത്. ജനാധിപത്യത്തെ നിലനിര്‍ത്താന്‍ ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്തണം. ഒന്നാഞ്ഞുപിടിച്ചാല്‍ ബി ജെ പിയെ അടുത്ത തിരഞ്ഞെടുപ്പില്‍ തൂത്തെറിയാന്‍ പ്രയാസമുണ്ടാകില്ലെന്നും സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.