മുഈന്‍ അലി തങ്ങള്‍ക്കു ഭീഷണി; മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ റാഫി അറസ്റ്റില്‍
മലപ്പുറം – പാണക്കാട് മുഈന്‍ അലി തങ്ങളെ ഭീഷണിപ്പെടുത്തിയ കേസില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവിനെ രാത്രി പോലീസ് അറസ്റ്റ് ചെയ്തു.
ഭീഷണിപെടുത്തല്‍, കലാപാഹ്വാനം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത ശേഷം പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
മലപ്പുറം പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായ റാഫി പുതിയകടവിനെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈന്‍ അലി ശിഹാബ് തങ്ങളുടെ ഫോണിലേക്ക് വെള്ളിയാഴ്ചയാണ് ഭീഷണിയും മുന്നറിയിപ്പുമായി രണ്ട് ശബ്ദ സന്ദേശങ്ങളെത്തിയത്. 31 സെക്കന്‍ഡ് ദൈര്‍ഘ്യമുളള ആദ്യ ശബ്ദസന്ദേശത്തില്‍ സമുദായ നേതാക്കളെയും പാര്‍ട്ടി നേതാക്കളെയും വെല്ലുവിളിക്കാനാണ് തീരുമാനമെങ്കില്‍ വില്‍ ചെയറില്‍ പോകേണ്ടി വരുമെന്ന ഭീഷണിയാണുളളത്.
15 സെക്കന്‍ഡ് ദൈര്‍ഘ്യമുളള രണ്ടാമത്തെ സന്ദേശത്തില്‍ കൊല്ലുമെന്ന ഭീഷണിയും ഉണ്ട്.
മുഈന്‍ അലി തങ്ങള്‍ മലപ്പുറം പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നുതങ്ങളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, റാഫിക്കെതിരെ കലാപാഹ്വാനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസ് എടുക്കുകയായിരുന്നു.