ജന്മനാടിന്റെഹൃദ്യമായ ആദരവ്ഏറ്റുവാങ്ങി സയ്യിദ്അലി ബാഫഖി തങ്ങള്‍
കൊയിലാണ്ടി – കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലമായി കേരളീയ പരിസരത്ത് വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കി ജന്മനാട്.
വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നാടൊട്ടുക്കും സഞ്ചരിച്ചും ആത്മീയ സദസ്സുകള്‍ക്ക് നേതൃത്വം നല്‍കിയും തങ്ങള്‍ നടത്തുന്ന അതുല്യമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു കൊയിലാണ്ടി സ്‌പോര്‍സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലെ നിറഞ്ഞ സദസ്സ്. മതരാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി സയ്യിദലി ബാഫഖി തങ്ങള്‍ക്ക് കാന്തപുരം ഉസ്താദ് സ്ഥാനവസ്ത്രം നല്‍കുകകും തലപ്പാവ് അണിയിക്കുകയും ചെയ്തു. ‘കര്‍മ സാഫല്യത്തിന്റെ ആറു പതിറ്റാണ്ട് ‘ എന്ന ശീര്‍ശകത്തില്‍ സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.
സാദാത്തുക്കളുടെ നേതൃത്വത്തില്‍ കോയ കാപ്പാടും സംഘവും അവതരിപ്പിച്ച ദഫ് മുട്ടിന്റെ അകമ്ബടിയോടെയാണ് മുബാറക് മന്‍സിലില്‍ നിന്നും സമ്മേളന വേദിയിലേക്ക് തങ്ങളെ ആനയിച്ചത്. ആദരവ് സമ്മേളനം നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.
സ്പീക്കര്‍ എ എന്‍ ഷംസീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു
കെ കെ അഹമ്മദ് കുട്ടി മുസ്ല്യാര്‍ പ്രാര്‍ഥന നടത്തി. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ അലി ബാഫഖി തങ്ങളെ ആദരിച്ച് മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിലെത്തിയ ബാഫഖി കുടുംബത്തിലെ സമുന്നതനായ നേതാവാണ് സയ്യിദ് അലി ബാഫഖി തങ്ങളെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ആദരവിന്റെ ഭാഗമായി മര്‍കസ് ഹോംഡ്രീം പദ്ധതിയുടെ ഭാഗമായി ആറ് സയ്യിദ•ാര്‍ക്ക് വീട് നിര്‍മിച്ച് നല്‍കും. ഇതിന്റെ പ്രഖ്യാപനം കാന്തപുരം നടത്തി.
സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രയാസങ്ങള്‍ക്കിടയിലും മനസ്സ് തളരാതെ, പ്രതിസന്ധി ഘട്ടങ്ങളില്‍ തകരാതെ നിന്ന അലി ബാഫഖി തങ്ങള്‍ എല്ലാവരും മാതൃകയാണെന്ന് ഖലീല്‍ തങ്ങള്‍ പറഞ്ഞു.
കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ മുഖ്യാഥിതിയായി. കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്‌ബോള്‍, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി, റഹ്‌മത്തുല്ലാസഖാഫി എളമരം, ബഷീര്‍ സഖാഫി വെണ്ണക്കോട്, സി പി ഉബൈദുള്ള സഖാഫി, ഫിര്‍ധൗസ് സഖാഫി കടവത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മര്‍കസ് സ്ഥാപനങ്ങളുടെ പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വൈസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിലും ആത്മീയ രംഗത്തും കഴിഞ്ഞ ആറു പതിറ്റാണ്ട് കാലം പ്രവര്‍ത്തകര്‍ക്കാശ്വാസമായി പ്രവര്‍ത്തിച്ചു. തന്റെ വീല്‍ ചെയറില്‍ എത്തിപ്പെടാന്‍ പറ്റുന്നിടത്തെല്ലാം സാനിധ്യം കൊണ്ടും പ്രാര്‍ഥനകള്‍ കൊണ്ടും സയ്യിദവര്‍കള്‍ നിറഞ്ഞു നിന്നു.
സയ്യിദ് അഹമ്മദ് ബാഫഖി – സയ്യിദത്ത് നഫീസ ബീവി ദമ്ബതികളുട മകനായി 1938 നവംബര്‍ 14 നാണ് സയ്യിദ് അലി ബാഫഖി തങ്ങളുടെ ജനനം. മദ്രസ കാലത്തിനു ശേഷം പള്ളിദര്‍സുകളുടെ ലോകത്തിലേക്ക് കടന്ന തങ്ങള്‍ പട്ടിക്കാട് ജാമിഅ നൂരിയയില്‍ നിന്നാണ് ഉപരിപഠനം പൂര്‍ത്തിയാക്കിയത്. ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, താഴക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍ എന്നിവര്‍ ജാമിഅയില്‍ അദ്ദേഹത്തിന് അറിവ് പകര്‍ന്നുനല്‍കി.
പഠന ശേഷം പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നിന്ന് വിനയത്തോടെ ഒതുങ്ങി കൂടാന്‍ ശ്രമിച്ച സയ്യിദ് അലി ബാഫഖി തങ്ങളെ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരാണ് പൊതു ഇടത്തേക്ക് എത്തിച്ചത്. ദീര്‍ഘകാലം കാന്തപുരം ഉസ്താദിന്റെ സഹയാത്രികനായ തങ്ങള്‍ പിന്നീട് സുന്നി സമൂഹത്തിന് തന്റെ സാന്നിധ്യം വേണ്ടിടങ്ങളില്ലാം എത്തിച്ചേര്‍ന്നു.