05/02/2025
#Kerala

ഹജ്ജ് അപേക്ഷകര്‍ 24,733; അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

കോഴിക്കോട് – ഈ വര്‍ഷത്തെ ഹജ്ജിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷ സമര്‍പ്പിച്ചത് 24,733 പേര്‍. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ഈ മാസം 15 ന് അവസാനിച്ചതിനെ തുടര്‍ന്നാണ് അപേക്ഷകരുടെ എണ്ണം ലഭ്യമായത്.

ഇതില്‍ 1,266 പേര്‍ 70 വയസ്സ് വിഭാഗത്തിലും 3,585 പേര്‍ ലേഡീസ് വിത്തൗട്ട് മെഹ്റം (പുരുഷ മെഹ്റം ഇല്ലാത്ത) വിഭാഗത്തിലും 19,882 പേര്‍ ജനറല്‍ വിഭാഗത്തിലുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അപേക്ഷകളുടെ സൂക്ഷ്മ പരിശോധന നടത്തിയതിന് ശേഷം കൃത്യമായ കണക്ക് ലഭിക്കും. കഴിഞ്ഞ വര്‍ഷം ഹജ്ജ് കമ്മിറ്റി മുഖേന സംസ്ഥാനത്ത് നിന്നും 19,524 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 11,252 പേര്‍ക്കാണ് അവസരം ലഭിച്ചത്.

ഈ വര്‍ഷം അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഈ വര്‍ഷത്തെ ഹജ്ജിന് ലഭിച്ച അപേക്ഷകളില്‍ 23,111 പേര്‍ക്ക് അവരുടെ രജിസ്ട്രേഡ് കവര്‍ നമ്ബറുകള്‍ ഇതിനകം നല്‍കിയിട്ടുണ്ട്. കവര്‍ നമ്ബര്‍ മുഖ്യ അപേക്ഷകന് എസ് എം എസ് ആയി ലഭ്യമാകും. ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ അപേക്ഷകരുടെ യൂസര്‍ ഐ ഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തും കവര്‍ നമ്ബര്‍ പരിശോധിക്കാം. കവര്‍ നമ്ബറിന് മുന്നില്‍ 70 വയസ്സ് വിഭാഗത്തിന് ഗഘഞ എന്നും വിത്തൗട്ട് മെഹ്റത്തിന് ഗഘണങ എന്നും ജനറല്‍ കാറ്റഗറിക്ക് ഗഘഎ എന്നുമാണുണ്ടാകുക.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലഭിച്ച 1,500 ഓളം അപേക്ഷകള്‍ക്കാണ് സൂക്ഷ്മ പരിശോധന നടത്തി ഇനി കവര്‍ നമ്ബറുകള്‍ നല്‍കാനുള്ളത്. ഇത് നാളെ പൂര്‍ത്തിയാകും. ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ണമായി സബ്മിറ്റ് ചെയ്തിട്ടും കവര്‍ നമ്ബര്‍ ലഭിക്കാത്തവര്‍ അവരുടെ അപേക്ഷാ ഫോറം, യൂസര്‍ ഐ ഡി എന്നിവ സഹിതം ഈ മാസം 19ന് വൈകുന്നേരം അഞ്ചിനകം ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം. അതിന് ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതല്ലെന്നും ഹജ്ജ് കമ്മിറ്റി അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *