കേന്ദ്ര അവഗണന: പ്രതിപക്ഷവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും
കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യം സംബന്ധിച്ച് പ്രതിപക്ഷവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച ചെയ്യും. ജനുവരി 15 ന് രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചര്‍ച്ച.
സംസ്ഥാനത്തിന്റെ അവസാനപാദ കടമെടുപ്പ് പരിധി ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. 5600 കോടി രൂപയാണ് ഈയിനത്തില്‍ വെട്ടിക്കുറച്ചത്. ഈ വര്‍ഷം കേരളത്തിന്റെ ആകെ കടമെടുപ്പ് അനുവാദം 45,689.61 കോടി രൂപയായിരുന്നു. ഇതില്‍ 32,442 കോടി പൊതുവിപണിയില്‍ നിന്ന് കടമെടുക്കാമെന്ന് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യം മോദി സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. 14,400 കോടിയുടെ കടം നബാര്‍ഡ്, ദേശീയ സമ്പാദ്യ പദ്ധതി ഉള്‍പ്പെടെയുള്ള സ്രോതസ്സുകളില്‍ നിന്നാണ്.
ഡിസംബര്‍ വരെ പൊതുവിപണിയില്‍ നിന്ന് 23,852 കോടി രൂപയുടെ കടമെടുപ്പിനും അനുമതി ലഭിച്ചിരുന്നു. ഇതനുസരിച്ച് ബാക്കി 7437.61 കോടി രൂപയുടെ കടമെടുപ്പിനാണ് സംസ്ഥാനം അനുമതിയാണ് തേടിയത്. എന്നാല്‍ അനുവദിച്ചതാകട്ടെ 1838 കോടി രൂപ മാത്രവും. നിലവിലെ സ്ഥിതിയില്‍ സംസ്ഥാനത്തിന്റെ അവസാനപാദ പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.