05/02/2025
#National

മദ്യനയ അഴിമതിക്കേസ്:കെജ്രിവാളിന് നാലാമത്തെഇഡി നോട്ടിസ്; 18ന് ഹാജരാകാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി- മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി അയക്കുന്ന നാലാമത്തെ നോട്ടിസാണിത്. ഈ മാസം 18ന് ചോദ്യംചെയ്യലിന് ഹാജരാകാനാണു നിര്‍ദേശം.

മുന്‍പ് ലഭിച്ച മൂന്ന് ഇഡി നോട്ടിസുകളിലും കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണം ചൂണ്ടിക്കാട്ടിയാണ് ആദ്യത്തെ നോട്ടിസില്‍ ഹാജരാകാതിരുന്നത്. രണ്ടാം തവണ ധ്യാനത്തിനു പോകുന്നുവെന്നാണു കാരണമായി പറഞ്ഞത്. ജനുവരി മൂന്നിനാണ് മൂന്നാമത്തെ ഇ.ഡി നോട്ടീസ് നല്‍കിയത്. മൂന്നാമത്തെ ഇഡി നോട്ടീസ് നിയമവിരുദ്ധമാണെന്നും അറസ്റ്റ് ചെയ്യുക മാത്രമാണ് ഇഡിയുടെ ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഹാജരാകാതിരുന്നത്.

രാഷ്ട്രീയവേട്ടയാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഇഡി ചോദ്യംചെയ്യലിന് വിളിപ്പിക്കുന്നതെന്നാണ് കെജ്രിവാള്‍ ആരോപിക്കുന്നത്. മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും എഎപി എംപി സഞ്ജയ് സിങും ജയിലിലാണ്.

Leave a comment

Your email address will not be published. Required fields are marked *