05/02/2025
#Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെഅറസ്റ്റില്‍ പ്രതിഷേധംകടുപ്പിച്ച് യൂത്ത്കോണ്‍ഗ്രസ്; ഇന്ന് കളക്ടറേറ്റ് മാര്‍ച്ച്

കൊച്ചി- യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്.

എറണാകുളം, പാലക്കാട് ജില്ലകളിലെ കളക്ടറേറ്റുകളിലേക്ക് ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും. രാഹുലിന് ജാമ്യം ലഭിക്കുന്നവരെ ചെറുതും വലുതുമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. വരുംദിവസങ്ങളില്‍ കൂടുതല്‍ ജില്ലകളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നാണ് വിവരം.

രാഹുലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തിയിരുന്നു. പന്തംകൊളുത്തിയായിരുന്നു പ്രതിഷേധ മാര്‍ച്ച്. മാര്‍ച്ചിന് വിടി ബല്‍റാം നേതൃത്വം നല്‍കി. മാര്‍ച്ചിനോടനുബന്ധിച്ച് ക്ലിഫ് ഹൗസിന് മുന്നില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് ക്ലിഫ് ഹൗസിന് മുന്നില്‍ വച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കയ്യിലിരിക്കുന്ന തീപ്പന്തങ്ങള്‍ പോലീസിനു നേര്‍ക്ക് എറിഞ്ഞെങ്കിലും നേതാക്കള്‍ അത് തടയുകയായിരുന്നു. ഇതോടെ തീപ്പന്തങ്ങള്‍ കൂട്ടിയിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു. ക്ലിഫ് ഹൗസ് പരിസരത്തെ ഫ്ളക്സ് ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു.

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ചൊവ്വാഴ്ച പുലര്‍ച്ചെ പോലീസ് വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. നവകേരള സദസ്സിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 20-ന് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. രണ്ടാഴ്ച റിമാന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ പൂജപ്പുര ജയിലിലാണ്.

Leave a comment

Your email address will not be published. Required fields are marked *