വിനീത വി.ജി.യ്‌ക്കെതിരായഅറസ്റ്റ് തടഞ്ഞ് ഹൈക്കോടതി;സര്‍ക്കാരിന് നോട്ടീസ്
വിനീത വി.ജി.യ്‌ക്കെതിരായ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നോട്ടീസയച്ചു. സര്‍ക്കാരിനോട് നിലപാടറിയിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. 22ന് കേസ് വീണ്ടും പരിഗണിക്കും. വിശദീകരണം നല്‍കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് നേരെ ആലുവയില്‍ വച്ച് കെഎസ്യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് വിനീത വി.ജിക്ക് എതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസില്‍ അഞ്ചാം പ്രതിയാക്കിയത്.
വിനീതയ്ക്കെതിരായ പൊലീസ് നടപടി ആശങ്കയുണ്ടാക്കുന്നുവെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ വിമര്‍ശിച്ചു. വിനീതയ്ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു. കേസിനെക്കുറിച്ച് വിശദമായി അന്വേഷിച്ചശേഷമാണ് സംഭവത്തില്‍ എഡിറ്റേഴ്സ് ഗില്‍ഡ് ഔദ്യോഗികമായി വിമര്‍ശനം അറിയിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തനം കുറ്റകൃത്യമല്ലെന്ന് എഡിറ്റേഴ്സ് ഗില്‍ ഊന്നിപ്പറയുന്നു. മാധ്യമസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് അനിവാര്യമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെ വ്യക്തമാക്കി. കെയുഡബ്ല്യുജെ ഉള്‍പ്പെടെയുള്ള സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും കേസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
നടപടിയില്‍ പൊലീസിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍ രംഗത്തുവന്നിരുന്നു. കേസെടുത്ത കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അനാവശ്യമായി ആര്‍ക്കെതിരെയും കേസെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തനം വക്രീകരിക്കല്‍ ആകരുത്. ഒറ്റപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ വൈകാരികമായി ഇത്തരം പ്രശ്‌നങ്ങളുടെ ഭാഗമാകാന്‍ ശ്രമിക്കുന്നുണ്ടെന്നും അത് പരിശോധിക്കേണ്ടത് പൊലീസിന്റെ ജോലിയാണെന്നും സജി ചെറിയാന്‍ പ്രതികരിച്ചു.
ഇതിനിടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ട്വന്റിഫോര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്ത നടപടി പരിശോധിക്കുമെന്ന് മന്ത്രി കെ രാജന്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നത് ഇടതുപക്ഷത്തിന്റെ ശൈലി അല്ല. ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇത്തരം നടപടിയെടുക്കുന്നതെന്നും പിന്നില്‍ സര്‍ക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു. വിനീതയ്‌ക്കെതിരെയുള്ള കേസ് കൂടുതല്‍ പരിശോധിച്ച് പ്രതികരിക്കാമെന്നും മന്ത്രി പ്രതികരിച്ചു.
വിനീത വി.ജിക്കെതിരായി കേസെടുത്ത സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായ മേധാ പട്കര്‍ പറഞ്ഞു. പൊലീസ് നടപടി ന്യായീകരിക്കാന്‍ കഴിയില്ല. കേന്ദ്രസര്‍ക്കാറിന്റെ സമീപനങ്ങള്‍ തന്നെ കേരള സര്‍ക്കാരും പിന്തുടരുകയാണ്. ഇങ്ങനെയൊരു നടപടി കേരള സര്‍ക്കാരില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കുന്നതല്ലെന്നും മേധ പട്കര്‍ പറഞ്ഞു.