05/02/2025
#Kerala

രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങുകള്‍ സനാതനധര്‍മ്മത്തിന് വിരുദ്ധം; നാല് ശങ്കരാചാര്യന്മാരും ചടങ്ങില്‍ പങ്കെടുക്കില്ല

ലക്‌നോ – അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശങ്കരാചാര്യന്മാര്‍.

ജനുവരി 22-ന് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് സനാതന ധര്‍മ്മത്തിന്റെ നിയമങ്ങള്‍ ലംഘിച്ചാണെന്ന് വ്യക്തമാക്കിയാണ് ശങ്കരാചാര്യന്മാര്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. നാല് ശങ്കരാചാര്യന്മാരും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഉത്തരാഖണ്ഡിലെ ജ്യോതിഷ്പീഠത്തിലെ ശങ്കരാചാര്യന്‍ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു. വേദങ്ങള്‍ക്ക് വിരുദ്ധമായാണ് ചടങ്ങുകള്‍ നടക്കുന്നതെന്നും അതിനാല്‍ അതില്‍ പങ്കെടുക്കാനാകില്ലെന്നും പുരി ഗോവര്‍ധനപീഠത്തിലെ ശങ്കരാചാര്യന്‍ സ്വാമി നിശ്ചലാനന്ദ സരസ്വതി രണ്ട് ദിവസം മുമ്ബ് പ്രഖ്യാപിച്ചിരുന്നു.

നാല് ശങ്കരാചാര്യന്മാരില്‍ ആരും ജനുവരി 22 ന് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അവിമുക്തേശ്വരാനന്ദ് ബുധനാഴ്ച ഹരിദ്വാറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഞങ്ങള്‍ക്ക് ആരോടും വിരോധമില്ല. എന്നാല്‍ ഹിന്ദു മതത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുകയും മറ്റുള്ളവരോട് അങ്ങനെ ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യേണ്ടത് ശങ്കരാചാര്യരുടെ ഉത്തരവാദിത്തമാണ്. ക്ഷേത്രനിര്‍മ്മാണത്തിലും ചടങ്ങിന്റെ സംഘാടനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഹിന്ദുമതത്തിലെ സ്ഥാപിത മാനദണ്ഡങ്ങള്‍ അവഗണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ ശ്രീരാമന്റെ പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നത് ഹിന്ദുമതത്തിന്റെ ആദ്യ ലംഘനമാണ്. ഇത്രയും തിരക്കിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1949 ഡിസംബര്‍ 22-ന് അര്‍ദ്ധരാത്രി രാമന്റെ വിഗ്രഹം ബാബറി മസ്ജിദില്‍ സ്ഥാപിക്കുകയും 1992-ല്‍ ബാബറി മസ്ജിദ് തകര്‍ക്കുകയും ചെയ്തപ്പോള്‍ ഒരു അടിയന്തര സാഹചര്യമുണ്ടായിരുന്നു. ചില സാഹചര്യങ്ങള്‍ കാരണം അത് അന്ന് അങ്ങനെ സംഭവിച്ചതാണ്. അതിനാല്‍ ശങ്കരാചാര്യന്മാരാരും അക്കാലത്ത് ചോദ്യങ്ങളൊന്നും ഉന്നയിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് അങ്ങനെയൊരു അടിയന്തര സാഹചര്യമില്ല. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും പ്രതിഷ്ഠ നടത്താനും മതിയായ സമയമുണ്ടായിരുന്നുവെന്നും അവിമുക്തേശ്വരാനന്ദ് പറഞ്ഞു.

ഞങ്ങള്‍ക്ക് ഇപ്പോള്‍ നിശബ്ദത പാലിക്കാന്‍ കഴിയില്ല. അപൂര്‍ണ്ണമായ ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്ത് അവിടെ ദൈവത്തിന്റെ വിഗ്രഹം സ്ഥാപിക്കുന്നത് മോശമായ ആശയമാണ്. ഒരുപക്ഷേ അവര്‍ (പരിപാടി സംഘടിപ്പിക്കുന്നവര്‍) ഞങ്ങളെ മോദി വിരുദ്ധര്‍ എന്ന് വിളിച്ചേക്കാം. ഞങ്ങള്‍ മോദി വിരുദ്ധരല്ലാ. എന്നാല്‍ അതേ സമയം ഞങ്ങളുടെ ധര്‍മ്മ ശാസ്ത്രത്തിന് എതിരായി പോകാനും കഴിയില്ല – 2022 ല്‍ തന്റെ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ മരണശേഷം ശങ്കരാചാര്യനായി മാറിയ അവിമുക്തേശ്വരാനന്ദ് പറഞ്ഞു.

ജനുവരി 22ന് നിശ്ചയിച്ച ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുക്കുകയും ക്ഷേത്രത്തില്‍ ആദ്യ ആരതി നടത്തുകയും ചെയ്യും. മൂന്ന് നിലകളുള്ള ക്ഷേത്രത്തിന്റെ ഒന്നാം നില തയ്യാറായിട്ടുണ്ടെന്നും എന്നാല്‍ ബാക്കിയുള്ളവ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ട്രസ്റ്റായ ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്രം അറിയിച്ചു. ജനുവരി 22ന് ശേഷം ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്യും.

മതപരമായ ആചാരങ്ങള്‍ പാലിക്കാത്ത ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത് തന്റെ അന്തസ്സിനു വിരുദ്ധമാകുമെന്നാണ് സ്വാമി നിശ്ചലാനന്ദ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അവര്‍ തന്നില്‍ നിന്ന് ഒരു നിര്‍ദ്ദേശവും സ്വീകരിക്കാത്തതിനാല്‍ തനിക്ക് അവരോട് ദേഷ്യമാണെന്ന് കരുതരുത്. എന്നിരുന്നാലും, സ്‌കന്ദപുരാണം അനുസരിച്ച് അത്തരം ആചാരങ്ങള്‍ ശരിയായി ചെയ്തില്ലെങ്കില്‍, ദുശ്ശകുനങ്ങള്‍ ഒരു വിഗ്രഹത്തില്‍ പ്രവേശിക്കുകയും പ്രദേശത്തെ നശിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അവിമുക്തേശ്വരാനന്ദിന്റെ ശിഷ്യനായ സ്വാമി മുക്താനന്ദും പ്രതിഷ്ഠാ ചടങ്ങിനെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. ശങ്കരാചാര്യരുടെ നാല് ഇരിപ്പിടങ്ങള്‍ കഴിഞ്ഞ 2,500 വര്‍ഷങ്ങളായി ഏറ്റവും യോഗ്യതയുള്ള മതകേന്ദ്രങ്ങളാണെന്നും സനാതന ധര്‍മ്മം ലംഘിക്കുന്നവരെ എതിര്‍ക്കാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശൃംഗേരി ശാരദാ പീഠത്തിലെ സ്വാമി ഭാരതികൃഷ്ണ തീര്‍ത്ഥ, ദ്വാരകാപീഠത്തിലെ സ്വാമി സദാനന്ദ സരസ്വതി എന്നിവരാണ് മറ്റ് രണ്ട് ശങ്കരാചാര്യന്മാര്‍. ഇവര്‍ നേരിട്ട് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

അദ്വൈത വേദാന്ത പാരമ്ബര്യം ഉള്‍ക്കൊള്ളുന്ന മഠങ്ങളിലെ മേധാവികളെ ബഹുമാനത്തോടെ വിളിക്കുന്ന പേരാണ് ശങ്കരാചാര്യര്‍. ഇന്ത്യയുടെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായി നാല് മഠങ്ങളാണ് സ്ഥിതി ചെയ്യുന്നത്.

Leave a comment

Your email address will not be published. Required fields are marked *