05/02/2025
#Kerala

ഇ ഡി ബിജെപിയുടെരാഷ്ട്രീയ ആയുധം’; ഹാജരാകില്ലെന്ന് ഡോ തോമസ് ഐസക്

കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ സമന്‍സ്. ഈ മാസം 12ന് കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സമന്‍സ്.എന്നാല്‍ ഹാജരാകില്ലെന്ന് ഡോ തോമസ് ഐസക് അറിയിച്ചു.

സമന്‍സ് ലഭിച്ചിട്ടില്ലെന്നും വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. സമന്‍സ് ലഭിച്ച ശേഷം തീരുമാനം എടുക്കും. ഇ ഡി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. പന്ത്രണ്ടാം തീയതി ഹാജരാകില്ലെന്ന് ടി എം തോമസ് ഐസക് ട്വന്റിഫോറിനോട് പറഞ്ഞു. ഇ ഡി ബിജെപിയുടെ രാഷ്ട്രീയ ആയുധമാണ് . ഇ ഡി യെ ഭയക്കുന്നില്ലെന്നും ടി എം തോമസ് ഐസക് ട്വന്റിഫോറിനോട് പറഞ്ഞു.

നേരത്തെ മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് തെളിവുകളില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ കിഫ്ബി മസാല ബോണ്ട് കേസില്‍ പുതിയ സമന്‍സ് നല്‍കുമെന്ന് ഇ ഡി വ്യക്തമാക്കിയിരുന്നു. കിഫ്ബി നിയമം ലംഘിച്ചെന്നും ഇ ഡി പറഞ്ഞിരുന്നു.

കിഫ്ബിക്കെതിരെ തെളിവുണ്ടെന്ന് ആവര്‍ത്തിക്കുന്ന നിലപാടായിരുന്നു ഹൈക്കോടതി വിധിക്ക് ശേഷവും ഇഡി സ്വീകരിച്ചിരുന്നത്. തെളിവിന്റെ അടിസ്ഥാനത്തില്‍ പുതിയ സമന്‍സ് നല്‍കും, ഹൈക്കോടതി ഉത്തരവ് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നായിരുന്നു ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി തോമസ് ഐസക്കിന് ഇഡി ഇപ്പോള്‍ സമന്‍സ് അയച്ചിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *