എംഎല്‍എയോട്പോലീസ് കാണിച്ചത്തെറ്റായ നടപടി; ഇ പി ജയരാജന്‍
![](https://muhimmath.news/wp-content/uploads/2024/01/01-47-878x1024.jpg)
കണ്ണൂര്‍- എസ്ഐയും എം വിജിന്‍ എംഎല്‍എയും തമ്മിലുണ്ടായ തര്‍ക്കത്തില്‍ പോലീസിനെ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്ത്.
എംഎല്‍എയോട് പോലീസ് കാണിച്ചത് തെറ്റായ നടപടിയാണെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. പോലീസ് കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ചയാണ് വരുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിജിന്‍ എംഎല്‍എയുടെ പേര് ചോദിച്ചത് പരിഹാസ്യമായ നടപടിയാണ്. ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം ഉണ്ടാകുമെന്നും ജയരാജന്‍ വ്യക്തമാക്കി. നഴ്സുമാര്‍ക്കെതിരെയും എംഎല്‍എക്കെതിരെയും കേസ് എടുക്കേണ്ട ആവശ്യമില്ലെന്നും ജയരാജന്‍ പറഞ്ഞു. നഴ്‌സസ് അസോസിയേഷന്‍ സമരത്തിനിടെയാണ് എസ്ഐയും എംഎല്‍എയും തമ്മില്‍ വാക്കേറ്റം ഉണ്ടായത്.
സംഭവത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പ്രതികരിച്ചു. പോലീസ് ജനപ്രതിനിധികളെ അപമാനിക്കുന്ന നിലയുണ്ടാകരുതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. എം വിജിന്‍ എം.എല്‍.എയുമായി വാക്കേറ്റമുണ്ടായ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.