ബസ് ട്രക്കുമായികൂട്ടിയിടിച്ച്14 പേര്‍ മരിച്ചു;27 പേര്‍ക്ക് പരിക്ക്
ഗുവാഹത്തി- അസമില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ 14 പേര്‍ മരിച്ചു. 27 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പുലര്‍ച്ചെ അഞ്ചുമണിയോടെ അസമിലെ ഗോലാഘട്ട് ജില്ലയില്‍ ഡെര്‍ഗാവിലാണ് അപകടം ഉണ്ടായത്. ബസില്‍ 45 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും ഒരു ചെറിയ കുട്ടിയുമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
അമിതവേഗത്തിലെത്തിയ ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 12 പേര്‍ അപകട സ്ഥലത്തു വെച്ചും രണ്ട് പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ആവശ്യമെങ്കില്‍ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കി.
അത്‌ഖേലിയില്‍ നിന്ന് ബാലിജനിലേക്ക് ക്ഷേത്രദര്‍ശനത്തിനായി പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിയോടെ യാത്ര ആരംഭിച്ച സംഘം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനിടെ മാര്‍ഗരിറ്റിയില്‍ നിന്ന് വന്ന കല്‍ക്കരി നിറച്ച ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ പകുതി ഭാഗം തകര്‍ന്നിട്ടുണ്ട്.
രണ്ട് വാഹനത്തിലെയും ഡ്രൈവര്‍മാര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.