സമസ്ത സമ്മേളനം ഐതിഹാസികവിജയം, വിസ്മയമായി കാസര്‍കോടിന്റെആതിഥേയത്വം
കാസര്‍കോട്: കഴിഞ്ഞ ദിവസം ചട്ടഞ്ചാല്‍ മാലിക് ദീനാര്‍ നഗറില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക പ്രഖ്യാപന മഹാസമ്മേളനം സമാപിച്ചത് ചരിത്രത്തിന്റെ തങ്ക ലിപികളില്‍ ഇടംനേടി.
ഒരു പ്രതിനിധി സമ്മേളനമെന്ന നിലയില്‍ പ്രഖ്യാപിച്ച പരിപാടി സംഘാടകരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് നഗരിയിലേക്ക് ജനസാഗരം ഒഴുകിയെത്തിയപ്പോള്‍ ഒരു പരാതിക്കും ഇടവരാത്ത വിധം വലിയ നിലയില്‍ സ്വീകരണം നല്‍കി, ജില്ല ആതിഥ്യ മര്യാദയില്‍ വീണ്ടും മാതൃക കാട്ടി.
ചട്ടഞ്ചാലില്‍ സമ്മേള നഗരി തീരുമാനിച്ച് മുന്നൊരുക്കങ്ങള്‍ക്ക് മൂന്നാഴ്ച്ചകള്‍ മാത്രമാണ് ലഭിച്ചത്. അധികം ഉപയോഗിക്കാതിരുന്ന ഗ്രൗണ്ട് പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ജില്ലയിലെ തന്നെ വിശാലമായ ഒരു ഗ്രൗണ്ടായി പരിവര്‍ത്തനം വരുത്തുകയായിരുന്നു. സമ്മേളനം നടത്തുന്ന എല്ലാ സജ്ജീകരണങ്ങളോടെ നഗരിയും, പരിസരവും പ്രവര്‍ത്തകര്‍ മാറ്റിയെടുത്തത് രാപ്പകലില്ലാത്ത കഠിനാധ്വാനം ഒന്ന് കൊണ്ട് മാത്രമായിരുന്നു.
എട്ടേക്കര്‍ വരുന്ന സമ്മേളനഗരി മൂന്ന് പ്രധാന വ്യക്തികളുടെ സ്ഥലമായിരുന്നു. ആദര്‍ശ പ്രസ്ഥാനത്തിന്റെ പ്രഖ്യാപന സമ്മേളനത്തിന് മനസറിഞ്ഞ് സ്ഥലം വിട്ടുനല്‍കിയത് ഏറെ അനുഗ്രഹമായി. പ്രാദേശികമായി രൂപം കൊണ്ട സംഘാടക സമിതി ഓഫീസ് കേന്ദ്രീകരിച്ച് പ്രധാന സ്വാഗത സംഘവും, പ്രാദേശിക പ്രവര്‍ത്തകരും ഒത്തൊരുമിച്ചപ്പോള്‍ അതൊരു അവിസ്മരണീയമായ അനുഭവങ്ങളാണ് നാടിന് സമ്മാനിച്ചത്.
നഗരി നിറഞ്ഞൊഴുകി പൊയിനാച്ചി മുതല്‍ മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിസരം വരെ വാഹന പാര്‍ക്കിംഗുകള്‍ ക്രമീകരിക്കുകയും, സദാ ജാഗരൂകരായി നിലയുറപ്പിച്ച വളണ്ടിയര്‍മാരുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ മൂലം ദേശീയപാതയിലൂടെ കടന്നുപോയ വാഹനങ്ങള്‍ക്കൊന്നും ഒരു തടസവും നേരിടാത്ത രീതിയിലായിരുന്നു ഏകോപനം.
10000 പ്രതിനിധികള്‍ക്കും രാത്രി ഭക്ഷണം വിതരണം ചെയ്തതിലും ഒരു പരാതിക്കും ഇടവന്നില്ല.
പൊതുജനങ്ങള്‍ക്ക് ഹോട്ടലുകളിലും, താത്ക്കാലിക ഭക്ഷണശാലകളിലും യഥേഷ്ടം ഭക്ഷ്യ വിഭവങ്ങള്‍ ലഭിച്ചതും, സൗകര്യമായി പരിസര മഹല്ലുകള്‍ എല്ലാം സമ്മേളന വിജയത്തില്‍ കൈകോര്‍ത്തതും വിജയമായി. മൂന്ന് ദിവസങ്ങളില്‍ വിവിധ പരിപാടികള്‍ക്ക് എണ്ണക്കടികള്‍ തയാറാക്കി നല്‍കുകയും, പ്രമുഖ പണ്ഡിതര്‍ക്ക് സ്വന്തം വീടും, വാഹനങ്ങളും വിട്ടു നല്‍കിയും പ്രദേശവാസികള്‍ കാണിച്ച ആതിഥ്യം എന്നും സ്മരിക്കപ്പെടും, എല്ലാ അര്‍ത്ഥത്തിലും ചട്ടഞ്ചാല്‍ സമ്മേളനം സമസ്തയുടെ ചരിത്രത്തില്‍ ഇടം നേടുമെന്നത് തീര്‍ച്ചയാണ്. നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രഖ്യാപനം തന്നെ വലിയ സമ്മേളനമാക്കി മാറ്റിയതില്‍ ജില്ലയിലെ പ്രാസ്ഥാനിക കുടുംബത്തിന്റെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകമായിട്ടുണ്ട്.
സമസ്ത മുശാവറ എസ് വൈ എസ് സംസ്ഥാന കൗണ്‍സില്‍ എസ് എസ് എഫ് നേതൃസംഗമം തുടങ്ങിയവര്‍ക്ക് വേദിയായ ദേളി സ അദിയ ക്യാമ്പസും അതിഥികളെ സ്വീകരിച്ച് ശ്രദ്ധ നേടി. 1963 ല്‍ തളങ്കരയില്‍ നടന്ന സമസ്തയുടെ സംസ്ഥാനതല സമ്മേളന ശേഷം കൃത്യം അറുപതാണ്ട് തികയുന്ന വേളയില്‍ ജില്ലയില്‍ നടന്ന സമ്മേളനം ആളിലും, അര്‍ത്ഥത്തിലും അവിസ്മരണീയ അനുഭവമായി മാറുകയായിരുന്നു.
സമസ്ത സമ്മേളനം ഐതിഹാസിക വിജയം വിസ്മയമായി കാസര്‍കോടിന്റെ ആതിഥ്യം.
സമ്മേളനം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം ഗ്രൗണ്ടും പരിസരങ്ങളും മാലിന്യമുക്തമാക്കി സീറോ വേസ്റ്റ് സംവിധാനം നടപ്പിലാക്കിയ വളണ്ടിയര്‍ പ്രവര്‍ത്തനവും നാട്ടുകാരുടെ പ്രശംസക്ക് കാരണമായി