കേന്ദ്ര ഹജ്ജ് കമ്മിറ്റിയോഗം ചേര്‍ന്നിട്ട്ഒന്നര വര്‍ഷം
സി മുഹമ്മദ് ഫൈസി കേന്ദ്ര ന്യൂനപക്ഷ മന്ത്രിക്ക് കത്തയച്ചു
കോഴിക്കോട് – 2024ലെ ഹജ്ജിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടും സുപ്രധാനമായി ഇടപെടേണ്ട കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ യോഗം ചേര്‍ന്നില്ല. 2022 ആഗസ്റ്റ് 17,18 തീയതികളില്‍ മുംബൈ ഹജ്ജ് ഹൗസിലാണ് അവസാനമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ചേര്‍ന്നത്. 2023ല്‍ തീരേ യോഗം നടന്നിട്ടില്ല. ഫെബ്രുവരിയില്‍ യോഗം ചേരുമെന്ന അറിയിപ്പുണ്ടായിരുന്നെങ്കിലും ഇത് പിന്നീട് റദ്ദാക്കി. ഒന്നര വര്‍ഷമായി യോഗം ചേരാത്ത സാഹചര്യമാണുള്ളത്. മുംബൈയിലെ ഹജ്ജ് കമ്മിറ്റി ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഹജ്ജ് കമ്മിറ്റി ഫലത്തില്‍ നോക്കുകുത്തിയാകുകയാണ്. ഇതുവരെയും യോഗം വിളിച്ചുചേര്‍ക്കാത്തത് കാരണം 2024 ഹജ്ജിന്റെ നടപടിക്രമങ്ങള്‍ സംബന്ധിച്ച് ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച നടന്നിട്ടില്ല.
സാധാരണഗതിയില്‍ ഓരോ ഹജ്ജ് കഴിയുമ്പോഴും അതിന്റെ അവലോകനം ചേരാറുണ്ട്. എന്നാല്‍, ഇപ്രാവശ്യം ഇതും നടന്നിട്ടില്ല. ഹജ്ജ് പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ നികത്താനും അടുത്ത ഹജ്ജിന് ചെയ്യേണ്ട കാര്യങ്ങളും ഇത്തരത്തിലുള്ള അവലോകന യോഗങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. വിശുദ്ധ ഭൂമിയില്‍ ഹാജിമാര്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങളുടെ തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് സംഘത്തില്‍ പോകേണ്ട അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സുപ്രധാനമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗങ്ങളില്‍ ഉരുത്തിരിഞ്ഞുവരുന്ന അഭിപ്രായങ്ങള്‍ക്കനുസരിച്ചാണ്.
ഇതിനു പുറമെ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഉള്‍പ്പെടെ ഹജ്ജുമായി ബന്ധപ്പെട്ട് ഒട്ടേറെ തീരുമാനങ്ങളെടുക്കുന്നത് ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ നടക്കുന്ന ചര്‍ച്ചകളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തിലാണ്.
2022 ഏപ്രിലിലാണ് പുതിയ ഹജ്ജ് കമ്മിറ്റി നിലവില്‍ വന്നത്. ചെയര്‍മാനും രണ്ട് വൈസ് ചെയര്‍പേഴ്‌സന്‍മാരും അടക്കം 12 പേരാണ് നിലവിലുള്ളത്. ഇതില്‍ തന്നെ നാല് പേര്‍ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള എക്സ് ഒഫീഷ്യോ അംഗങ്ങളാണ്. കേരളത്തില്‍ നിന്ന് സി മുഹമ്മദ് ഫൈസി മാത്രമാണ് കമ്മിറ്റിയില്‍ അംഗമായിട്ടുള്ളത്. സംസ്ഥാനത്ത് നിന്നുള്ള പാര്‍ലിമെന്റ് അംഗങ്ങളായി കമ്മിറ്റിയില്‍ ആരുമില്ല. കേരളത്തില്‍ നിന്നുള്ള ബി ജെ പി നേതാവ് എ പി അബ്ദുല്ലക്കുട്ടിയെയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചിട്ടുള്ളത്. ഹജ്ജ് നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടും കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കാത്ത സാഹചര്യത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവുമായ സി മുഹമ്മദ് ഫൈസി കേന്ദ്ര ന്യൂനപക്ഷ മന്ത്രി സ്മൃതി സുബിന്‍ ഇറാനിക്ക് കത്തയച്ചു.
2024ലെ ഹജ്ജിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സ്വീകരിച്ച നടപടികളെ പ്രശംസിച്ച അദ്ദേഹം, ഹജ്ജിന്റെ സുഗമമായ നടത്തിപ്പിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സൗകര്യപ്രദമായ രീതിയില്‍ ഡല്‍ഹിയില്‍ ഹജ്ജ് കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു