തമിഴ് മുന്‍ സൂപ്പര്‍താരംവിജയകാന്ത് അന്തരിച്ചു
ചെന്നൈ – ഡിഎംഡികെ സ്ഥാപക നേതാവും തമിഴ് സിനിമയിലെ മുന്‍ സൂപ്പര്‍താരവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.
കഴിഞ്ഞദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് കോവിഡും സ്ഥിരീകരിച്ചിരുന്നു.
രണ്ടുതവണ തമിഴ്‌നാട് നിയമസഭാ അംഗമായ വിജയകാന്ത് ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും തമിഴില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ എന്നാണ് സിനിമ പ്രേമികള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്.
കെ എന്‍ അളഗര്‍സ്വാമിയ – ആണ്ടാള്‍ അളഗര്‍സ്വാമി ദമ്ബതികളുടെ മകനായി 1952 ഓഗസ്റ്റ് 25 ന് മധുരയിലാണ് വിജയകാന്തിന്റെ ജനനം. വിജയരാജ് അളഗര്‍സ്വാമി എന്നാണ് യഥാര്‍ത്ഥ പേര്.
1979ലാണ് വിജയകാന്ത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായക വേഷത്തില്‍ എത്തിയ വിജയകാന്ത് തമിഴ് സിനിമയിലെ സൂപ്പര്‍താരമായി മാറി. 2010 ല്‍ പുറത്തിറങ്ങിയ ബിരുദഗിരിയാണ് അവസാനമായി അദ്ദേഹം നായക വേഷത്തില്‍ അഭിനയിച്ച ചിത്രം. 2015 ഇറങ്ങിയ സതാബ്ദം എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് അവസാനം സ്‌ക്രീനില്‍ എത്തിയത്.
2005ല്‍ മുര്‍പ്പോക്ക് ദ്രാവിഡ കഴകം പാര്‍ട്ടി രൂപീകരിച്ചു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 234 സീറ്റുകളിലും പാര്‍ട്ടി മത്സരിച്ചെങ്കിലും വിജയകാന്തിന് മാത്രമായിരുന്നു ജയം. 2011ല്‍ എ ഐ എ ഡി എം കെ യുമായി ഡിഎംഡികെ പാര്‍ട്ടി സഖ്യം ഉണ്ടാക്കി. അന്ന് 40 സീറ്റില്‍ മത്സരിച്ച് 29 എണ്ണത്തില്‍ വിജയിച്ചു. 2011 മുതല്‍ 2016 വരെ പ്രതിപക്ഷ നേതാവായിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികളുമായി സഖ്യം ഉണ്ടാക്കി തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയം നേരിട്ടു. അതോടെയാണ് തമിഴ് രാഷ്ട്രീയത്തില്‍ വിജയകാന്ത് അപ്രസക്തന്‍ ആയത്. അനാരോഗ്യം മൂലം കുറേക്കാലമായി രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു.
ഭാര്യ പ്രേമലത. മക്കള്‍ ഷണ്‍മുഖ പാണ്ഡ്യന്‍, വിജയപ്രഭാകരന്‍.