05/02/2025
#National

രണ്ടാം ഭാരത് ജോഡോയാത്രക്ക് ഒരുങ്ങി കോണ്‍ഗ്രസ്; ഭാരത് ന്യായ് യാത്ര മണിപ്പൂരില്‍ നിന്ന് മുംബൈയിലേക്ക്

ന്യൂഡല്‍ഹി രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വിജയത്തില്‍
ആവേശഭരിതരായ കോണ്‍ഗ്രസ് രണ്ടാം യാത്ര നടത്താനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. മണിപ്പൂരില്‍ നിന്ന് മുംബൈയിലേക്കാണ് ഇത്തവണ യാത്രയെന്നാണ് വിവരം. 6200 കിലോമീറ്റര്‍ ദൂരമാണ് കോണ്‍ഗ്രസ് ഈ യാത്രയില്‍ പിന്നിടുക. ഭാരത് ന്യായ് യാത്ര എന്ന പേരിലാകും യാത്ര നടത്തുകയെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്‍കി.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ ഭാരത് ജോഡോ യാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2022 സെപ്റ്റംബര്‍ 7-ന് ആരംഭിച്ച ഈ യാത്ര ഏകദേശം 5 മാസത്തോളം നീണ്ടുനിന്നു. ഭാരത് ജോഡോ യാത്രയിലൂടെ വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടന്നു. ഏകദേശം 3500 കിലോമീറ്ററാണ് ഈ യാത്രയിലൂടെ കോണ്‍ഗ്രസ് പിന്നിട്ടത്.
ഭാരത് ജോഡോ യാത്രക്ക് പിന്നാലെ നടന്ന കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉജ്ജ്വലവിജയം നേടിയിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വിയാണ് ഉണ്ടായത്. ഈ സാഹചര്യത്തില്‍ പൊതു തിരഞ്ഞെടുപ്പിന് മുമ്പായി രാഹുല്‍ഗാന്ധിയുടെ ഒരു യാത്ര കൂടി വേണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. എന്നാല്‍ ഭാരത് ജോഡോ യാത്രയ്ക്ക് ഇനി സമയമില്ലെന്നും പൊതു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത് എന്നുമുള്ള അഭിപ്രായവും പാര്‍ട്ടിയില്‍ ഉണ്ട്.

Leave a comment

Your email address will not be published. Required fields are marked *