05/02/2025
#Kasaragod

സമസ്തയുടെ ആദര്‍ശഐക്യത്തിന് ശാഖാപരമായവീക്ഷണ വ്യത്യാസങ്ങള്‍തടസ്സമല്ല :പേരോട് സഖാഫി

സമസ്തയുടെ ആദര്‍ശ ഐക്യത്തിന് ശാഖാപരമായ വീക്ഷണ വ്യത്യാസങ്ങള്‍ തടസ്സമല്ല :പേരോട് സഖാഫി

തളങ്കര: ശാഖാപരമായ വീക്ഷണ വ്യത്യാസങ്ങളും സംഘടനാ വൈവിധ്യങ്ങളും സമസ്തയുടെ ആദര്‍ശപരമായ ഐക്യത്തിന് തടസ്സമല്ല എന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി പ്രസ്താവിച്ചു.
സമസ്ത നൂറാം വാര്‍ഷിക ഭാഗമായി തളങ്കരയില്‍ നടന്ന പൈതൃക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദര്‍ശപരമായി ഒരേ നിലപാടുള്ള സംഘടനകളുടെ ആധിക്യം സമുദായ പുരോഗതിക്ക് തടസ്സമല്ല. വീക്ഷണ വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ സുന്നത്ത് ജമാഅത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. പരസ്പര ബഹുമാനം കാത്തുസൂക്ഷിച്ചുകൊണ്ട് കര്‍മ്മപരിപാടികളുമായി മുന്നോട്ടു പോയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. സമസ്തയുടെ നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം സമൂഹത്തിന്റെ മൊത്തം പുരോഗതി മുന്നില്‍ കണ്ടു കൊണ്ടുള്ള കര്‍മ്മ പദ്ധതികളുടെ പ്രഖ്യാപനമാണ്.
സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നില്‍ പ്രദേശമാണ്കാസര്‍കോട്. 1963ല്‍ തളങ്കരയില്‍ നടന്ന സമസ്ത സമ്മേളനത്തിലാണ് ഇന്ന് കാണുന്ന പതാക അംഗീകരിച്ചത്. സമസ്ത പതാകക്ക് അറുപതാണ്ട് തികയുന്ന വേളയില്‍ സമസ്തയുടെ നൂറാം വാര്‍ഷിക പ്രഖ്യാപനം അതേ മണ്ണില്‍ നടക്കുന്നു എന്നതും ശ്രദ്ധേയമാണ്. പേരോട് സഖാഫി പറഞ്ഞു.
സമസ്തയില്‍ സംഘടനാപരമായ രണ്ട് ചേരി രൂപപ്പെട്ടപ്പോള്‍ കെ എസ്അബ്ദുല്ല സാഹിബിനെപ്പോലുള്ള നേതാക്കള്‍ നടത്തിയ ഐക്യ ഇടപെടല്‍ മാതൃകാപരമായിരുന്നു. സംഘടനാപരമായി വ്യക്തിത്വം നിലനിര്‍ത്തി പരസ്പരം ആക്ഷേപങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്ന ശൈലിയാണ് ശൈഖുനാ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സമസ്ത ഉലമാക്കള്‍ സ്വീകരിച്ചത്.
മാലിക് ദീനാര്‍ തളങ്കര കേന്ദ്രീകരിച്ച് തുടക്കം കുറിച്ച ആശയ വഴിയിലാണ് സമസ്തയുടെ പ്രവര്‍ത്തനം.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പേരോട് അബ്ദു റഹ്‌മാന്‍ സഖാഫി ഉത്ഘാടനം ചെയ്തു. സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം,സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി,സയ്യിദ് ഖമറലി തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുജീബ് അഹ്‌മദ്, സി എല്‍ ഹമീദ്, ശാഫി തെരുവത്ത് പ്രസംഗിച്ചു. വിവിധ മേഖലകളില്‍ പ്രശസ്തി നേടിയ ടി എ ശാഫി, മുഈനുദ്ദീന്‍ കെ കെ പുറം, അഹ്‌മദ് ശെറിന്‍ , ശരീഫ് കോളിയാട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. നൗശാദ് ഇബ്രാഹീം, അബ്ദുല്‍ റഹ്‌മാന്‍ ബാങ്കോട് സംബന്ധിച്ചു. ഹസ്ബുള്ള തളങ്കര സ്വാഗതവും സിറാജ് മൗലവി നന്ദിയും പറഞ്ഞു

Leave a comment

Your email address will not be published. Required fields are marked *