05/02/2025
#Kerala

വിട്ടുകൊടുക്കാന്‍ കോടതി പറഞ്ഞു,റോബിന്‍ ബസ് വീണ്ടും റോഡിലേക്ക്.

മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം റോബിന്‍ ബസ് ഉടമയ്ക്ക് വിട്ടുകൊടുത്തു. ബസ് വിട്ടുകൊടുക്കാന്‍ പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. നിലവിലെ നിയമപ്രകാരം മാത്രം സര്‍വീസ് നടത്താമെന്നും അല്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. നിയമലംഘനത്തിന്റെ പേരില്‍ കഴിഞ്ഞമാസം 24 ന് പുലര്‍ച്ചയാണ് റോബിന്‍ ബസ് പിടിച്ചെടുത്തത്. ഉടമ ഇന്നലെ പോലീസിനെ സമീപിച്ചെങ്കിലും ബസ് വിട്ടുകൊടുത്തിരുന്നില്ല. കോടതി നിര്‍ദേശം പരിഗണിച്ചാണ് ഇപ്പോള്‍ ബസ്സ് വിട്ടു കൊടുത്തത്.

നിയമ ലംഘനത്തിന് ചുമത്തിയ 82,000 രൂപ പിഴ അടച്ച സാഹചര്യത്തിലാണ് ബസ് വിട്ടുകൊടുക്കാനുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു റോബിന്‍ ബസ് പിടിച്ചെടുത്തത്. ബസ്സിലുള്ള സാധനങ്ങളുടെ ലിസ്റ്റ് പത്തനംതിട്ട സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ തയ്യാറാക്കണം. ബസ് പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചാല്‍ വെയിലും മഴയുമേറ്റ് വാഹനം കേടാകുമെന്ന വാദം പരിഗണിച്ചാണ് ബസ് വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടത്. പിഴ ഒടുക്കിയാല്‍ ബസ് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.

നിരന്തരമായി നിയമലംഘനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഗതാഗത വകുപ്പ് റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയിരുന്നു. 2023ലെ ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് റൂള്‍സ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. നിയമലംഘനങ്ങള്‍ ഇനിയും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പെര്‍മിറ്റ് റദ്ദാക്കിയത്.

Leave a comment

Your email address will not be published. Required fields are marked *