സൽസ്വഭാവവും സഹവാസവും ജീവിതത്തിന്റെ കരുത്ത്: ആർ എസ് സി മെമ്പർഷിപ്പ് കാമ്പയിന് ആശംസകളുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി 

Sep 21, 2026 - 18:54
സൽസ്വഭാവവും സഹവാസവും ജീവിതത്തിന്റെ കരുത്ത്: ആർ എസ് സി മെമ്പർഷിപ്പ് കാമ്പയിന് ആശംസകളുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി 

ദുബായ്/കോഴിക്കോട്: നന്മ ശീലമാക്കുകയും സ്രഷ്ടാവിനെ സ്മരിക്കുകയും ചെയ്യുന്ന നല്ല കൂട്ടുകാരെ ലഭിക്കുന്നത് ജീവിതത്തിലെ വലിയ അനുഗ്രഹമാണെന്നും യുവാക്കളുടെ ജീവിതത്തിൽ നല്ല സഹവാസവും കൂട്ടായ്മകളും നിർണായക സ്വാധീനം ചെലുത്തുമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. പ്രവാസലോകത്ത് ഇത്തരം ആത്മബന്ധങ്ങളും സൽസംഗങ്ങളും നിലനിർത്താൻ പ്രവാസി യുവാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രിസാല സ്റ്റഡി സർക്കിൾ (RSC) സംഘടിപ്പിക്കുന്ന 'Be in Be More' മെമ്പർഷിപ്പ് കാമ്പയിന് ആശംസകൾ നേർന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോലിയും മറ്റ് ദൈനംദിന തിരക്കുകളും കഴിഞ്ഞ് കുറഞ്ഞ സമയമെങ്കിലും പഠനത്തിനും സാമൂഹിക സേവനങ്ങൾക്കുമായി നീക്കിവെക്കാൻ യുവാക്കൾ മുന്നോട്ടുവരണമെന്ന് കാന്തപുരം ഉസ്‌താദ്‌ ഓർമിപ്പിച്ചു. "ഓരോ വ്യക്തിയിലുമുള്ള വ്യത്യസ്ത കഴിവുകൾ മറ്റുള്ളവരുടെ നന്മക്കായി വിനിയോഗിക്കണം. കൂടെയുള്ളവരെ പഠനത്തിൽ സഹായിക്കുക, തൊഴിൽ അവസരങ്ങൾ കാണിച്ചുകൊടുക്കുക, പ്രയാസപ്പെടുന്നവരുടെ വിഷമങ്ങൾ കേൾക്കാൻ സമയം കണ്ടെത്തുക തുടങ്ങിയ ചെറിയ പ്രവർത്തനങ്ങളിലൂടെയാണ് സമൂഹത്തോടുള്ള ഉത്തമമായ ഉത്തരവാദിത്വം നാം നിറവേറ്റാൻ തുടങ്ങുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.

വിശ്വാസവും ഉത്തമ സ്വഭാവവും മുറുകെപ്പിടിച്ച് ഒരുമിച്ചു പ്രവർത്തിക്കുന്ന യുവതലമുറ സമൂഹത്തിന്റെ പുരോഗതിക്ക് വലിയ കരുത്താകും. 'Be in Be More' എന്ന പ്രമേയത്തിൽ നടക്കുന്ന RSC മെമ്പർഷിപ്പ് കാമ്പയിൻ ഇത്തരം ഉന്നതമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായകമാകട്ടെ എന്ന് ആശംസിച്ച അദ്ദേഹം, പ്രവാസികളായ വിദ്യാർഥികളും യുവാക്കളും രിസാല സ്റ്റഡി സർക്കിളിന്റെ ഭാഗമാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. കുടുംബത്തിനും സമൂഹത്തിനും ഉപകാരപ്രദമായ രീതിയിൽ ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0