മുഹമ്മദ് മോണു എന്ന ഉദാത്ത വിസ്മയം; പൊലിഞ്ഞത് ഉറുമിയുടെ സ്നേഹത്തണൽ
ഈദുൽ ഫിത്വറിന്റെ പവിത്രമായ പ്രഭാതം. ലോകം മുഴുവൻ ആഘോഷത്തിന്റെ നിറവിലായിരുന്ന പുലരിയിൽ പള്ളിയിലേക്ക് ഇറങ്ങാനുള്ള ധൃതിക്കിടയിലാണ് സുഹൃത്ത് സിദ്ദീഖ് സഖാഫിയുടെ കോൾ വരുന്നത്. ഇടറിയ സ്വരത്തിൽ അദ്ദേഹം പറഞ്ഞത് മോണു (മുഹമ്മദ് മോണു) വഫാത്തായി എന്നായിരുന്നു. സപ്തനാഡികളെയും തളർത്തിയ ആ വാർത്ത ഉൾക്കൊള്ളാനാകാതെ വീണ്ടും വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ഒടുവിൽ വിറയ്ക്കുന്ന ഹൃദയത്തോടെ ആ വിയോഗം സ്ഥിരീകരിക്കേണ്ടി വന്നു.
പുണ്യ റമദാനിലെ മുപ്പത് നോമ്പും നോറ്റ്, തറാവീഹും സൽക്കർമ്മങ്ങളും ആവോളം സ്വയത്തമാക്കി, നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കെയാണ് ഏറെ പ്രിയങ്കരനായ മോണുവിന് അല്ലാഹുവിന്റെ വിളിയെത്തിയത്. സ്വന്തം ആഗ്രഹങ്ങൾക്കനുസരിച്ച് പുതുക്കിപ്പണിത വീടിന്റെ 'കുടിയിരിക്കൽ കർമ്മത്തിന് തൊട്ടു തലേന്നായിരുന്നു ആ മടക്കം. ഈ മണ്ണിലെ മണിമാളികയേക്കാൾ റബ്ബ് അദ്ദേഹത്തിനായി കരുതിവെച്ചത് സ്വർഗ്ഗത്തിലെ മാണിമാളികയാവാം.
നേതൃത്വത്തിന്റെ കരുത്തും സൗഹൃദത്തിന്റെ ആഴവും
മദ്രസയിലും സ്കൂളിലും ഒന്നിച്ച് കളിച്ചുവളർന്ന സുഹൃത്ത് എന്നതിനപ്പുറം കഴിഞ്ഞ നാല് വർഷങ്ങൾ ഞങ്ങളുടെ ബന്ധത്തിന് പുതിയൊരു ആഴം നൽകിയിരുന്നു. ഉറുമി ജുമാ മസ്ജിദിന്റെ കമാനവും റോഡും നിർമ്മിക്കുന്ന വേളയിലായിരുന്നു ആ നേതൃപാടവം ഞാൻ തിരിച്ചറിഞ്ഞത്. അണിയറ ചർച്ചകളിലും ഗ്രൂപ്പുകളിലും അദ്ദേഹം കാണിച്ച ആവേശവും കരുത്തും എന്നെ അദ്ദേഹത്തോട് കൂടുതൽ അടുപ്പിച്ചു. അവിടെ നിന്നിങ്ങോട്ട് ഓരോ ചുവടിലും ഞങ്ങൾ ചേർന്നുനിന്നു.
പാലം പണിയും നാടിന്റെ സ്വപ്നങ്ങളും
നാടിന്റെ വികസനത്തെക്കുറിച്ച് മോണുവിന് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു. നാട്ടിലെ പാലം പുതുക്കിപ്പണിയുന്ന വിഷയത്തിൽ സ്ഥലമെടുപ്പിന് സാമ്പത്തിക തടസ്സങ്ങൾ വന്നപ്പോൾ അദ്ദേഹം ഉണർന്നു പ്രവർത്തിച്ചു. ജി സി സി ഉറുമിയിൽ വിഷയം അവതരിപ്പിക്കുകയും ആവശ്യമായ പണം കണ്ടെത്താൻ നിസ്വാർത്ഥമായി നേതൃത്വം നൽകുകയും ചെയ്തു. വികസന കാര്യങ്ങളിൽ അദ്ദേഹം കാണിച്ച ആ ചടുലത നാടിനോടുള്ള സ്നേഹമായിരുന്നു. 'നമ്മുടെ മമ്മുച്ചാക്കൊരു വീട്' എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിൽ ജിസിസി ഉറുമിയോടൊപ്പം ആവേശപൂർവ്വം കൂടെനിന്നു. ഒരിക്കൽ മമ്മുച്ചാന്റെ വീടിനടുത്ത് ഒത്തുകൂടിയപ്പോൾ അവിടെ വില്പനക്കുള്ള സ്ഥലം കാണിച്ചു അദ്ദേഹം പറഞ്ഞു: 'സഅദീ, ഈ സ്ഥലം നിങ്ങൾ വാങ്ങിയിട്ട് മക്കൾക്ക് ഇവിടെ വീടുണ്ടാക്കാം. ആരെയും പുറത്ത് പോകാൻ അനുവദിക്കരുത്. നാട്ടിൽ വീടുകളുണ്ടായാലേ വികസനം ഉണ്ടാവൂ'. നാട് വിട്ടുപോകുന്നവരെക്കുറിച്ചുള്ള ആ വിഷമം അദ്ദേഹത്തിന്റെ ഉള്ളിലെ വലിയ മനസ്സിനെ അടയാളപ്പെടുത്തുന്നു.
ഉത്തരവാദിത്ത കൈമാറ്റത്തിന്റെ ദീർഘവീക്ഷണം
നാട്ടിലെ എസ് കെ എസ് എസ് എഫിന്റെ സജീവ പ്രവർത്തകനായപ്പോഴും എസ്എസ്എഫ് പരിപാടികളികളിലും മുഹിമ്മാത്ത് പോലുള്ള സ്ഥാപന പദ്ധതികളിലും സഹകരിക്കാൻ അദ്ദേഹം കാണിച്ച താല്പര്യം അവിസ്മരണീയമാണ്. കഠിനാധ്വാനം കൊണ്ട് ദുബായിൽ മികച്ച സംരംഭകനായപ്പോഴും എളിമ കൈവിട്ടില്ല. ഏറ്റവും ഒടുവിൽ ഒരു ചാരിറ്റി ഫണ്ട് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞത് 'മകൻ റാസിയുടെ പേരും ചേർത്തെഴുതിക്കോ, അവരും പഠിക്കട്ടെ, എപ്പോഴും നാം ഉണ്ടാവില്ലല്ലോ' എന്നായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ മകനെ കൂടെക്കൂട്ടി ബിസിനസ്സ് കാര്യങ്ങൾ പഠിപ്പിച്ചതും ഈ വാക്കും കൂട്ടി വായിക്കുമ്പോൾ ഒരു ഉത്തരവാദിത്ത കൈമാറ്റത്തിന്റെ വ്യക്തമായ ചിത്രം അവിടെ തെളിയുന്നുണ്ട്. താൻ തുടങ്ങിയ നന്മയുടെ വഴികൾ മക്കളിലൂടെ തുടരണമെന്ന ആ പിതാവിന്റെ വലിയ ആഗ്രഹം അദ്ദേഹം മനോഹരമായി അടയാളപ്പെടുത്തി. നാടിനെയൊന്നാകെ ഈറണിയിച്ച് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആ വലിയ മരം മറയുമ്പോൾ നഷ്ടമാകുന്നത് ഒരു നാടിന്റെ തന്നെ തണലാണ്. പ്രിയപ്പെട്ട മോണുവിന് പാരത്രിക വിജയം ലഭിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം...
✍️ അബ്ദുൽ ലത്തീഫ് സഅദി ഉറുമി
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
1
Wow
0