ജനഹൃദയങ്ങൾ കീഴടക്കിയ 'ഫാരിസ് അൽ അറബ്'; ഭരണാധികാരി ശൈഖ് മുഹമ്മദിന് ഇന്ന് എഴുപത്തിയേഴാം പിറന്നാൾ
ദുബൈ: ആധുനിക ദുബൈയുടെ വികസനക്കുതിപ്പിന് വഴിവിളക്കായ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ഇന്ന് 77-ാം ജന്മദിനം. മണലാരണ്യത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച ആഗോള നഗരമാക്കി മാറ്റിയ പ്രിയ നേതാവിന്റെ ജന്മദിനം പ്രവാസികളും സ്വദേശികളും ഉൾപ്പെടെയുള്ള ജനസമൂഹം വലിയ ആഹ്ലാദത്തോടെയാണ് ആഘോഷിക്കുന്നത്.
1949 ജൂലൈ 15-ന് ചരിത്രപ്രസിദ്ധമായ അൽ ഷിന്ദഗയിലെ അൽ മക്തൂം തറവാട്ടിലായിരുന്നു ശൈഖ് മുഹമ്മദിന്റെ ജനനം. ഭരണാധികാരിയായിരുന്ന ശൈഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെ മൂന്നാമത്തെ മകനായ അദ്ദേഹം, ചെറുപ്പകാലം മുതൽക്കേ ഭരണതന്ത്രജ്ഞതയിലും നേതൃപാടവത്തിലും സവിശേഷമായ മികവ് പുലർത്തിയിരുന്നു. 2006-ൽ ദുബൈയുടെ ഭരണാധികാരിയായി ചുമതലയേറ്റതു മുതൽ ദുബൈയെ ലോകത്തിന്റെ സാമ്പത്തിക, വിനോദസഞ്ചാര, സാങ്കേതിക ഹബ്ബാക്കി മാറ്റുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍, ഇ-ഗവണ്‍മെന്റ്, ദുബൈ ഇന്റര്‍നെറ്റ് സിറ്റി, ദുബൈ മീഡിയ സിറ്റി എന്നിവ അദ്ദേഹത്തിന്റെ ചിന്തകളില്‍ നിന്ന് പിറവിയെടുത്തവയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ, പ്രശസ്തമായ പാം ജുമൈറ ദ്വീപുകള്‍, ബുര്‍ജ് അല്‍ അറബ് ഹോട്ടല്‍, ബിസിനസ് ബേ തുടങ്ങിയ നഗരത്തിന്റെ പ്രധാന ലാന്‍ഡ്മാര്‍ക്കുകളെല്ലാം ശൈഖ് മുഹമ്മദിന്റെ ദീർഘവീക്ഷണത്തിന്റെ ഫലങ്ങളാണ്.
ഭരണാധികാരി എന്നതിനപ്പുറം മികച്ചൊരു കവിയും കുതിരസവാരി പ്രേമിയും കാരുണ്യപ്രവർത്തകനുമാണ് അദ്ദേഹം. 'മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ്' വഴി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിലാണ് അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വെളിച്ചമേകുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0