താപനില ഉയരുന്നു: യു.എ.ഇയിൽ കടുത്ത വേനൽച്ചൂട് തുടരുമെന്ന് മുന്നറിയിപ്പ്

Jul 7, 2026 - 12:52
താപനില ഉയരുന്നു: യു.എ.ഇയിൽ കടുത്ത വേനൽച്ചൂട് തുടരുമെന്ന് മുന്നറിയിപ്പ്

അബുദാബി: യു എ ഇ യിൽ വരും ദിവസങ്ങളിലും കടുത്ത ചൂടും ഉയർന്ന അന്തരീക്ഷ ആർദ്രതയും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജൂലൈ മാസത്തിലെ ശരാശരി താപനിലയേക്കാൾ ഉയർന്ന നിരക്കാണ് രാജ്യത്ത് നിലവിൽ രേഖപ്പെടുത്തുന്നത്. ഇന്ത്യൻ മൺസൂൺ ന്യുനമർദത്തിന്റെ സ്വാധീനം ഈ കടുത്ത ചൂടിന് പ്രധാന കാരണമായും പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനമായ 'എൽ നിനോ' പ്രതിഭാസവും ചൂട് വർധിക്കാൻ കാരണമായേക്കാമെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. തീരപ്രദേശങ്ങളിൽ ഇത് 42 ഡിഗ്രി വരെയും മലയോര മേഖലകളിൽ 37 ഡിഗ്രി വരെയുമായിരിക്കും. രാത്രികാലങ്ങളിലും പുലർച്ചെയും ആർദ്രത 71 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്. ഇത് തീരദേശങ്ങളിൽ കടുത്ത അസ്വസ്ഥതയ്ക്കും പുലർച്ചെ മൂടൽമഞ്ഞിനും കാരണമാകും. വടക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കാൻ സാധ്യതയുണ്ട്. ഇത് ചിലയിടങ്ങളിൽ കാഴ്ചപരിധി കുറയ്ക്കുന്ന രീതിയിൽ പൊടിപടലങ്ങൾ ഉയരാൻ ഇടയാക്കും. വേനൽക്കാലത്തെ ഏറ്റവും കഠിനമായ ഘട്ടമായി വിശേഷിപ്പിക്കുന്ന 'ജംറത്തുൽ ഖൈദ്' സീസൺ ജൂലൈ 3-ന് ആരംഭിച്ച് ഓഗസ്റ്റ് 10 വരെ നീണ്ടുനിൽക്കും. ഈ കാലയളവിലാണ് യുഎഇയിൽ സാധാരണയായി ഏറ്റവും കൂടുതൽ വരണ്ട ചൂടും ഉഷ്ണക്കാറ്റും അനുഭവപ്പെടാറുള്ളത്. കടുത്ത ചൂടും ആർദ്രതയും തുടരുന്നതിനാൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കാനും ധാരാളം ശുദ്ധ ജലം കുടിക്കാനും ഉച്ചസമയങ്ങളിൽ പുറം ജോലികളിൽ ഏർപ്പെടുന്നവർ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0