ഹൂതികളുടെ പ്രധാന ഇന്ധന കേന്ദ്രങ്ങളിൽ സഊദി വ്യോമാക്രമണം

Oct 14, 2026 - 11:14
ഹൂതികളുടെ പ്രധാന ഇന്ധന കേന്ദ്രങ്ങളിൽ സഊദി വ്യോമാക്രമണം

റിയാദ്: യെമനിലെ ഹൂതി വിമതരുടെ പ്രധാന ഊർജ, ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി സഊദി വ്യോമാക്രമണം. യെമൻ തലസ്ഥാനമായ സനായുടെ പ്രാന്തപ്രദേശത്തുള്ള യെമൻ പെട്രോളിയം കമ്പനിയുടെ പ്രമുഖ ഇന്ധന സംഭരണ കേന്ദ്രമായ സബാഹ് സെൻട്രൽ സ്റ്റേഷന് നേരെയാണ് സഊദി സഖ്യസേന ആക്രമണം നടത്തിയത്. ആക്രമണത്തിന് മുന്നോടിയായി കേന്ദ്രത്തിന് സമീപമുള്ള സാധാരണക്കാരോട് ഒഴിഞ്ഞുപോകാൻ സഊദി സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെത്തുടർന്ന് ജനങ്ങൾക്കിടയിൽ ഇന്ധനക്ഷാമ ഭീതി ഉയരുകയും പെട്രോൾ പമ്പുകളിൽ നീണ്ട നിര പ്രത്യക്ഷപ്പെടുകയും ചെയ്തു.

ഹൂതികളുടെ സൈനികശേഷിയും സഊദി അറേബ്യക്കും ചെങ്കടലിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും നേരെ അവർ ഉയർത്തുന്ന ഭീഷണികളും ഇല്ലാതാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സഊദി വക്താവ് വ്യക്തമാക്കി. സഊദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ദഹ്റാനിലുള്ള സഊദി അരാംകോ കെട്ടിടത്തിന് നേരെയും റിയാദിന് നേരെയും ഹൂതികൾ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടിരുന്നു. ഇവയിൽ ഭൂരിഭാഗവും സഊദി വ്യോമപ്രതിരോധ സേന തകർത്തുവെങ്കിലും വീണ അവശിഷ്ടങ്ങൾ കാരണം ചിലയിടങ്ങളിൽ ചെറിയ തീപിടിത്തവും കേടുപാടുകളും റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ സുരക്ഷയ്ക്കോ ചെങ്കടൽ, ബാബ് അൽ-മന്ദബ് കടലിടുക്ക് വഴിയുള്ള സമുദ്ര ഗതാഗത സ്വാതന്ത്ര്യത്തിനോ ഭീഷണിയാകുന്ന ഒരു നീക്കവും അനുവദിക്കില്ലെന്ന് സഊദി മന്ത്രിസഭ വ്യക്തമാക്കിയിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0