സയ്യിദ് അലി ബാഫഖി തങ്ങൾ; വിടവാങ്ങിയത് മുഹിമ്മാത്തിന് തണലേകിയ സൗമ്യ സാന്നിധ്യം

Nov 3, 2026 - 11:57
Nov 3, 2026 - 13:59
സയ്യിദ് അലി ബാഫഖി തങ്ങൾ; വിടവാങ്ങിയത് മുഹിമ്മാത്തിന് തണലേകിയ സൗമ്യ സാന്നിധ്യം

കഴിഞ്ഞ ദിവസം വിടപറഞ്ഞ സമസ്ത ഉപാധ്യക്ഷനും ആത്മീയ നേതൃത്വവുമായിരുന്ന സയ്യിദ് അലി ബാഫഖി തങ്ങൾ മുഹിമ്മാത്ത് വേദികളിലെ നിറ സാന്നിധ്യമായിരുന്നു. സ്ഥാപനങ്ങളുടെ സമ്മേളനങ്ങൾ തീരുമാനിച്ചു കഴിഞ്ഞാൽ അലി ബാഫഖി തങ്ങളോട് പ്രത്യേകം ഉണർത്തുകയും തങ്ങൾ സ്നേഹപൂർവ്വം ഏറ്റെടുത്ത് സന്തോഷത്തോടെ എത്തിച്ചേരുകയും ചെയ്യുമായിരുന്നു. വരുന്ന ജനുവരി മാസം നടക്കാനിരിക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ, മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിലേക്ക് തങ്ങളെ ക്ഷണികനായി പ്രഥമ മീറ്റിംഗിൽ തന്നെ തീരുമാനിച്ചുവെങ്കിലും അസുഖബാധിതനായി തങ്ങൾ ഹോസ്പിറ്റലിലാണ് എന്ന് അറിഞ്ഞതിനാൽ നേരിട്ട് കാണാൻ കഴിയാത്തത് നൊമ്പരമായി ബാക്കി നിൽക്കുന്നു. ജില്ലയിലെ പ്രസ്ഥാനിക-സ്ഥാപന സമ്മേളനങ്ങളിൽ തങ്ങളുടെ സാന്നിധ്യം നേതാക്കൾക്കും പ്രവർത്തകർക്കും വലിയ ആവേശമായിരുന്നു.

കാസർഗോഡ് ജില്ലയുമായി വളരെ അഗാധമായ കുടുംബ ബന്ധങ്ങളും തങ്ങൾക്കുണ്ടായിരുന്നു. കുമ്പോൽ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളുടെ മകളുടെ ഭർത്താവായ സയ്യിദ് ഇബ്റാഹിം ബാഫഖി തങ്ങൾ, അലി ബാഫഖി തങ്ങളുടെ മകനാണ്. ഈ കുടുംബബന്ധം കാസർഗോഡും അലി ബാഫഖി തങ്ങളും തമ്മിലുള്ള ആത്മീയവും പ്രസ്ഥാനികവുമായ ബന്ധത്തെ കൂടുതൽ ദൃഢമാക്കാൻ ഏറെ കാരണമായിട്ടുണ്ട്. 

ജില്ലയിലെ പരിപാടികൾക്കായി വരുന്ന സമയത്ത് മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ പദ്ധതികളെ ആവേശ പൂർവ്വം ചോദിച്ചറിയുകയും പിന്തുണ നൽകുകയും ചെയ്‌തിരുന്നു. ഈ അടുത്തായി മുഹിമ്മാത്തിന് കീഴിൽ നിർമ്മിക്കുന്ന രണ്ട് മദ്‌റസകളുടെ ശിലാസ്ഥാപനം നിർവ്വഹിച്ചതും തങ്ങളുടെ കരങ്ങൾ കൊണ്ടായിരുന്നു. 

തലയിൽ ഭാരം കൂടിയവൻ കുനിഞ്ഞ് നടക്കുന്നത് പോലെ പണ്ഡിതൻ വിനായാൻ വിതനായി നടക്കും എന്ന് മഹാന്മാർ സൂചിപ്പിച്ചത് പോലെ സഞ്ചരിക്കുന്ന ഇല്മിൻറെ ഉറവിടമായ തങ്ങളിൽ നിന്ന് ആ വിനയത്തെ നമ്മുക്ക് കാണാമായിരുന്നു. സ്ഥാപന കാര്യങ്ങളിൽ ഇടപെടുമ്പോഴും വ്യക്തി ബന്ധങ്ങൾക്കും തങ്ങൾ വളരെയേറെ പ്രാധാന്യം നൽകി. സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ ഹോസ്പിറ്റലിൽ കഴിയുമ്പോൾ വീൽചെയറിലിരുന്ന് സന്ദർശിക്കാൻ വന്നതും ചെറിയ ഒരു അസ്വസ്ഥത മൂലം ഞാൻ വിശ്രമിക്കുന്ന സമയത്ത് തങ്ങൾ സ്വന്തം വീട്ടിൽ നിന്ന് വണ്ടിയെടുത്ത് എൻറെ വീട്ടിലേക്ക് വരികയും സാന്ത്വനപ്പെടുത്തുകയും ചെയ്‌തതും മായാത്ത ഓർമകളാണ്.

ബാഫഖി സാദാത്ത് ശൃംഖലയിലെ അതുല്യ  പ്രതിഭയായിരുന്ന തങ്ങൾ സ്നേഹ സമ്പന്നതകൊണ്ടും സമാശ്വാസത്തിന്റെ സാന്ദ്രമധുരമായ മാസ്മരിക മന്ദഹാസം കൊണ്ടും സുന്നി കൈരളിയെ ധന്യമാക്കിയ ഒരു കാലഘട്ടത്തിൻ്റെ ഇതിഹാസ പുരുഷനായിരുന്നു. ആറു പതിറ്റാണ്ടുകാലം പ്രസ്ഥാനത്തിനും മർക്കസിനും നേതൃത്വം നൽകിയ സയ്യിദ് അലി ബാഫഖി തങ്ങൾ ഇനി നമ്മുടെ കൂടെയില്ല. ബഹുമാനപ്പെട്ടവരുടെ വിടവ് നികത്താനാവാത്തത് തന്നെയാണ്. ഒരു ആലങ്കാരിക പദം എന്നതിനപ്പുറം എന്നെ സംബന്ധിച്ചിടത്തോളം മുഹിമ്മാത്ത് സ്ഥാപനത്തിന്റെ മുന്നേറ്റ പ്രവർത്തനങ്ങളിൽ ശക്തമായ പിന്തുണ നൽകുകയും പ്രവർത്തകർക്ക് സ്നേഹവും ആദരവും ഒരുപോലെ നൽകുകയും ചെയ്‌തവരാണ്.

അവിടത്തെ ഭൗതിക ശരീരം ഇന്ന് നമ്മോടൊപ്പം ഇല്ലെങ്കിലും പ്രവർത്തിച്ച് കാണിച്ചു തന്ന വഴികളും പകർന്നു തന്ന ആദർശ വിശുദ്ധിയും ബാക്കിയുണ്ട്. അത് പിന്തുടർന്ന് മുന്നോട്ട് പോവുമ്പോഴാണ് അവിടത്തോടുള്ള കടപ്പാടുകൾ നമുക്ക് പൂർത്തീകരിക്കാൻ കഴിയുന്നത്. മഹാനവർകളുടെ ദറജ ഉയർത്തി അവിടത്തെ മദദ് അല്ലാഹു നമുക്ക് നൽകട്ടെ. അവരോടൊന്നിച്ച് ജന്നാത്തുന്നഈമിൽ നമുക്കും ഒരിടം ലഭിക്കണം.

✍️ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി 

What's Your Reaction?

Like Like 3
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 2
Wow Wow 0