ജാമിഅ മില്ലിയയിൽ വിദ്യാർത്ഥി സമരം വിജയത്തിലേക്ക്; 2027 മെയ് മാസത്തിനകം യൂണിയൻ ഭരണഘടന നടപ്പിലാക്കും

Oct 30, 2026 - 11:30
ജാമിഅ മില്ലിയയിൽ വിദ്യാർത്ഥി സമരം വിജയത്തിലേക്ക്; 2027 മെയ് മാസത്തിനകം യൂണിയൻ ഭരണഘടന നടപ്പിലാക്കും

ന്യൂഡൽഹി: ജാമിഅ മില്ലിയ സർവകലാശാലയിൽ വിദ്യാർത്ഥികൾ നടത്തിവന്ന പ്രക്ഷോഭം വിജയത്തിലേക്ക്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിച്ചുകൊണ്ട് സർവകലാശാല അധികൃതർ ഉത്തരവിറക്കി. 2027 മെയ് 15-നകം സ്റ്റുഡന്റ്സ് യൂണിയന്റെ ഭരണഘടന അംഗീകരിച്ച് നടപ്പിലാക്കുമെന്നും, പുതിയ അധ്യയന വർഷം തുടങ്ങി ആറാഴ്ചയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് നടത്തുമെന്നും രജിസ്ട്രാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. 2027 ജൂലൈ 16-ഓടെ പുതിയ അധ്യയന വർഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.   രണ്ട് പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജാമിഅ മില്ലിയയിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിനുള്ള നടപടികൾ പുനരാരംഭിക്കുന്നത്. 2006-ൽ സ്റ്റുഡന്റ്സ് യൂണിയൻ പിരിച്ചുവിട്ട ശേഷം സർവകലാശാലയിൽ തിരഞ്ഞെടുപ്പുകൾ നടന്നിരുന്നില്ല.   

സമരത്തെ തുടർന്ന് ഓൺലൈൻ രീതിയിലേക്ക് മാറ്റിയിരുന്ന ക്ലാസുകളും പരീക്ഷകളും ഇനിമുതൽ ക്യാമ്പസിൽ നേരിട്ട് നടത്തും. സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ നൽകിയിരുന്ന കാരണം കാണിക്കൽ നോട്ടീസുകളും അച്ചടക്ക നടപടികളും പൂർണ്ണമായി പിൻവലിക്കും. സമരം മൂലം വിദ്യാർത്ഥികളെ പുറത്താക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആ ഉത്തരവുകൾ റദ്ദാക്കാൻ തീരുമാനമായി. യൂണിയൻ ഭരണഘടന അംഗീകരിച്ചാല ഉടൻ തന്നെ ലിംഗ്ദോ കമ്മിറ്റി മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് സർവകലാശാല അറിയിച്ചു.

നേരത്തെ ഒക്ടോബർ 26-ന് അധികൃതർ ഇറക്കിയ ഉത്തരവിൽ തിരഞ്ഞെടുപ്പിന്റെ വ്യക്തമായ സമയപരിധി രേഖപ്പെടുത്താത്തതിനെ തുടർന്ന് വിദ്യാർത്ഥികൾ നിരാഹാര സമരം ആരംഭിച്ചിരുന്നു. തുടർന്ന് ഭരണഘടന ഡിസംബർ 20-നകം തയ്യാറാക്കണമെന്നും 15 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടാണ് സമരക്കാർ സമരം ശക്തമാക്കിയത്. തുടർന്നാണ് വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് അധികൃതർ പുതിയ ഉത്തരവിറക്കിയത്.   

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0