ബിഹാറിൽ ഗംഗാ നദിയിൽ ബോട്ട് മറിഞ്ഞ് വൻ ദുരന്തം; കുട്ടികളടക്കം 14 പേർ മരിച്ചു
പട്ന: ബിഹാറിലെ വൈശാലി ജില്ലയിൽ ഗംഗാ നദിയിൽ ആളുകളുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞ് കുട്ടികളും സ്ത്രീകളും അടക്കം 14 പേർ ദാരുണമായി മരിച്ചു. രാഘോപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ രാംപൂർ ശ്യാംചന്ദ് ഗ്രാമത്തിന് സമീപമാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നദിക്കപ്പുറമുള്ള ഒരു ഗ്രാമത്തിലെ വിരുന്ന് ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവരാണ് ബോട്ടിലുണ്ടായിരുന്നത്. ഏകദേശം 30-ലധികം ആളുകൾ ബോട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
കനത്ത മഴയെത്തുടർന്നുണ്ടായ ശക്തമായ കുത്തൊഴുക്കും നദിയിലെ ജലനിരപ്പ് ഉയർന്നതുമാണ് ബോട്ട് മറിയാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. അപകടവിവരമറിഞ്ഞ് ജില്ലാ മജിസ്ട്രേറ്റ് വർഷ സിങ്, പോലീസ് സൂപ്രണ്ട് ശുഭാങ്ക് മിശ്ര എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതുവരെ 14 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അപകടത്തിൽപ്പെട്ട 6 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീന്തി രക്ഷപ്പെട്ട 3 പേർ സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, ബിഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയ പ്രമുഖർ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ബിഹാർ സർക്കാർ 4 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0