സമസ്ത സെന്റിനറി: കർണാടകയിൽ കർമപദ്ധതികളും പ്രചാരണങ്ങളും ഊർജ്ജിതം
മംഗളൂരു: സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കർണാടകയിൽ കർമപദ്ധതികളും പ്രചാരണ പ്രവർത്തനങ്ങളും സജീവമാകുന്നു. സ്റ്റേറ്റ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ കീഴിൽ വിവിധ ഘടകങ്ങളുടെ നേതൃത്വത്തിൽ വികേന്ദ്രീകൃതമായാണ് നിലവിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. സംസ്ഥാനത്തുടനീളം ഇതിനോടകം ആയിരത്തോളം നാട്ടുദർസുകൾ സംഘടിപ്പിച്ചു. കേരള മാതൃകയിൽ വീടുകൾ തോറും സെന്റിനറി നിധിപെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ സമാഹരണ നടപടികൾ ഡിസംബർ 10നകം പൂർത്തിയാകും.
ചുമരെഴുത്ത്, ബോർഡുകൾ, ടവർ ബോർഡുകൾ തുടങ്ങിയവ വഴി പ്രചാരണങ്ങൾ കൂടുതൽ വ്യാപകമാക്കും. യൂണിറ്റുകൾ തോറും ജമാഅത്ത് കോൺഫറൻസുകൾ നടക്കും. മഹല്ല് സമ്മേളനങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. മദ്റസ, റേഞ്ച്, ജില്ലാ തലങ്ങളിൽ വിദ്യാർത്ഥി റലികൾ സംഘടിപ്പിക്കും. 44 കേന്ദ്രങ്ങളിൽ 'അസ്സുന്ന' ആദർശ സമ്മേളനങ്ങൾ നടക്കും. കൂടാതെ സെക്ടർ തലങ്ങളിൽ ഖാഫിലത്തുദ്ദഅവാ ആശയ സമ്മേളനങ്ങളും പുരോഗമിക്കുന്നുണ്ട്. ജില്ലാ തലത്തിൽ സ്റ്റുഡന്റ്സ് അസംബ്ലി, മാനേജ്മെന്റ് കോൺഫറൻസ്, ഉമറാ സമ്മേളനം എന്നിവയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. ഇതിന്റെ ഭാഗമായി മംഗലാപുരത്തും പുത്തൂരിയിലും എമിനൻസ് മീറ്റുകൾ സംഘടിപ്പിക്കും.
കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിൽ ചേർന്ന സ്റ്റേറ്റ് ഇ.സി.യുടെയും കർണാടക ജംഇയ്യത്തുൽ ഉലമയുടെയും സംയുക്ത ക്യാബിനറ്റ് യോഗം പ്രവർത്തനങ്ങൾ വിലയിരുത്തി. എസ്.പി.എച്ച്. ഹംസ സഖാഫി യോഗത്തിൽ അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പേരോട് അബ്ദുർറഹ്മാൻ സഖാഫി യോഗം ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറിമാരായ സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, മുഹമ്മദ് പറവൂർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ഉസ്മാൻ സഅദി പട്ടിരി, ഡോ. ഉമർ സഖാഫി, അബ്ദുർശീദ് സൈനി കക്കിഞ്ചെ, ബഷീർ ഹാജി കുംബ്ര, അബ്ദുർറഹ്മാൻ മദനി ജെപ്പു, സൂഫിയാൻ സഖാഫി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0