സമർപ്പിത സേവകൻ യാത്രയായി; അശ്റഫിന് മുഹിമ്മാത്ത് നൽകിയത് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

Oct 2, 2026 - 09:30
Oct 2, 2026 - 09:37
സമർപ്പിത സേവകൻ യാത്രയായി; അശ്റഫിന് മുഹിമ്മാത്ത് നൽകിയത് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

മുഹിമ്മാത്ത് ഖദമുൽ അഹ്ദലിയ്യ സന്നദ്ധ സേവന വിഭാഗം വളണ്ടിയറും സുന്നി പ്രസ്ഥാന പ്രവർത്തകനുമായ മുഗു സങ്കായംകര എം.ടി. അശ്റഫിന്റെ അപകടമരണം നാടിനെയാകെ ദുഃഖത്തിലാഴ്ത്തി. ഇന്നലെ രാവിലെ ഭാര്യയോടൊപ്പം ബൈക്കിൽ യാത്ര ചെയ്യവെയാണ് അശ്റഫ് സഞ്ചരിച്ചിരുന്ന ബൈക്കിൽ അമിതവേഗതയിലെത്തിയ കാർ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അശ്റഫ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു. കുടുംബത്തിലും നാട്ടിലും ഏറെ പ്രിയങ്കരനായിരുന്ന അശ്റഫ്, ജോലി തിരക്കുകൾക്കിടയിലും തന്റെ ഒഴിവുസമയങ്ങളെല്ലാം ദീനീ സേവനരംഗത്ത് വിനിയോഗിച്ചിരുന്ന വ്യക്തിയായിരുന്നു.

സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ സേവനപാതയുടെ തുടർച്ചയായി, തങ്ങളുടെ സ്മരണാർഥം രൂപീകരിച്ച മുഹിമ്മാത്ത് ഖദമുൽ അഹ്ദലിയ്യ സംഘത്തിന്റെ നിസ്വാർഥ സേവകനായി അശ്റഫ് എന്നും മുന്നിലുണ്ടായിരുന്നു. മുഹിമ്മാത്തിന്റെ എല്ലാ മുന്നേറ്റങ്ങൾക്കും ഒപ്പം നിന്ന അശ്റഫ് സ്ഥാപനവുമായി എന്നും ആത്മബന്ധം കാത്തുസൂക്ഷിച്ചു.

അദ്ദേഹത്തിന്റെ ആഗ്രഹം പോലെ തന്നെ, മുഹിമ്മാത്തിൽ വെള്ളിയാഴ്ച രാത്രി നടക്കുന്ന സ്വലാത്തിന് ശേഷം ആയിരങ്ങൾ ഒരുമിച്ചുകൂടിയ സദസ്സിലേക്കാണ് അശ്റഫിന്റെ മയ്യിത്ത് എത്തിച്ചേർന്നത്. സ്ഥാപന ജനറൽ സെക്രട്ടറി ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസിയുടെ നേതൃത്വത്തിൽ നടന്ന മയ്യിത്ത് നിസ്‌കാരത്തിൽ സാദാത്തുക്കളും പണ്ഡിതന്മാരും മുതഅല്ലിമീങ്ങളും ഉൾപ്പെടെ വൻ ജനാവലി പങ്കെടുത്തു. പ്രിയ സഹപ്രവർത്തകന് മഗ്ഫിറത്തിനായി പ്രാർഥിച്ച് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകിയപ്പോൾ വികാരനിർഭരമായ അന്തരീക്ഷമാണ് ഉടലെടുത്തത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 4
Wow Wow 1