മൊയ്തു ഹാജി കളത്തൂർ; വെളിച്ചം പകർന്ന തണൽമരം

Sep 28, 2026 - 11:27
Sep 28, 2026 - 11:33
മൊയ്തു ഹാജി കളത്തൂർ; വെളിച്ചം പകർന്ന തണൽമരം

കളത്തൂർ മദീന മഖ്ദൂം പ്രദേശത്തിന് ഒരിക്കലും നികത്താനാവാത്ത തീരാനഷ്ടമാണ് മൊയ്തു ഹാജിയുടെ വേർപാട്. ഒരാളുടെ വിടവ് എന്നതിലുപരി, ഒരു കാലഘട്ടത്തിന്റെ കരുതലും സ്‌നേഹവും മാതൃകയുമാണ് നമുക്ക് നഷ്ടമായത്. മദീന മഖ്ദൂം പള്ളിയുടെയും മദ്രസയുടെയും ദൈനംദിന കാര്യങ്ങളിൽ മാത്രമല്ല, നാടിന്റെ ഏതൊരു നന്മ നിറഞ്ഞ പ്രവർത്തനങ്ങളിലും ആ വ്യക്തിത്വത്തിന്റെ സാന്നിധ്യം മുന്നിലും പിന്നിലുമുണ്ടായിരുന്നു. നാടിന്റെ വികസനത്തിനും നന്മയ്ക്കുമായി എന്തു ചെയ്യേണ്ടി വന്നാലും അവിടെയൊക്കെ ഒരു തണലായി അദ്ദേഹമുണ്ടായിരുന്നു.

ദർസിൽ നിന്ന് നാട്ടിൽ വരുമ്പോഴൊക്കെ അദ്ദേഹം പലപ്പോഴും പറയാറുള്ള ആ വരികൾ ഇന്നും കാതുകളിൽ മുഴങ്ങുന്നുണ്ട്. "പകുതിവെച്ച് നിർത്തരുത്… പൂർണ്ണമായും പഠിച്ചു തീർക്കണം" അന്ന് ആ വാക്കുകൾക്ക് ഒരു മുതിർന്നയാളുടെ സാധാരണ ഉപദേശം എന്നതിനപ്പുറം വലിയ അർത്ഥമൊന്നും തോന്നിയിരുന്നില്ല. എന്നാൽ കാലം കടന്നുപോകുമ്പോൾ, ആ ഉപദേശത്തിൽ ഒളിഞ്ഞിരുന്ന കരുതലിന്റെ ആഴം ബോധ്യപ്പെടുകയാണ്. അതുപോലെ തന്നെ, ലീവിന് കുറച്ചു കൂടുതൽ ദിവസം നാട്ടിൽ കണ്ടാൽ അദ്ദേഹത്തിന്റെ അടുത്ത ചോദ്യമെത്തും. "എന്താ… പോകാത്തത്? പലപ്പോഴും ആ ചോദ്യം കേൾക്കാതിരിക്കാൻ മുന്നിൽപ്പെടാതെ മാറിനിൽക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, ആ ചോദ്യത്തിന് പിന്നിൽ വലിയൊരു മനസ്സ് നമുക്ക് കാണാനാകും. നമ്മൾ പഠിക്കണം, മുന്നേറണം, ജീവിതത്തിൽ നല്ല നിലയിലെത്തണം എന്ന ആത്മാർത്ഥമായ ആഗ്രഹമായിരുന്നു ആ ചോദ്യങ്ങൾക്ക് പിന്നിൽ.

സ്വന്തം കാര്യങ്ങൾക്കപ്പുറം മറ്റുള്ളവരുടെ വളർച്ചയിൽ സന്തോഷിക്കുകയും, അവരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുകയും, വഴിതെറ്റുമ്പോൾ തിരുത്താൻ ശ്രമിക്കുകയും ചെയ്യുന്ന മനസ്സുകൾ ഈ പുതിയ കാലത്ത് അപൂർവ്വമാണ്. അവിടെയാണ് മൊയ്തു ഹാജി വേറിട്ടുനിൽക്കുന്നത്. മദീന മഖ്ദൂം പള്ളിയോടും മദ്രസയോടും അദ്ദേഹത്തിനുണ്ടായിരുന്നത് വെറുമൊരു ബന്ധമായിരുന്നില്ല, മറിച്ച് വലിയൊരു ഉത്തരവാദിത്തമായിരുന്നു. ഒരു നാടിന്റെ വളർച്ചയിൽ ചില മനുഷ്യർ വഹിച്ച പങ്ക് കണക്കുകൾ കൊണ്ട് അളക്കാനാവില്ല. അവർ ചെയ്ത കാര്യങ്ങളേക്കാൾ, മറ്റുള്ളവരുടെ മനസ്സുകളിൽ അവർ ഉണ്ടാക്കിയ ഗുണപരമായ മാറ്റങ്ങളാണ് വലുത്. ഇന്ന് അദ്ദേഹം നമ്മോടൊപ്പം ഇല്ല. എങ്കിലും, അന്ന് അദ്ദേഹം പറഞ്ഞുതന്ന വാക്കുകൾ ഇന്നും പലരുടെയും ഉള്ളിൽ ജീവിക്കുന്നു.

ചില മനുഷ്യർ വിടപറയുമ്പോൾ ഒരു വ്യക്തിയെയല്ല നമുക്ക് നഷ്ടപ്പെടുന്നത്; ഒരു കരുതലിനെയാണ്, ഒരു നാടിന്റെ ദിശാബോധത്തെയാണ്. കളത്തൂർ മദീന മഖ്ദൂമിന് മൊയ്തു ഹാജിയുടെ വേർപാട് അത്തരമൊരു വൻ നഷ്ടമാണ്. കാലം കടന്നുപോകും, പുതിയ തലമുറകൾ വരും, മദീന മഖ്ദൂമിന്റെ മുറ്റത്ത് പല മുഖങ്ങളും മാറിമാറി വരും. എങ്കിലും, ആ മുറ്റത്ത് ഒരിക്കൽ നിറഞ്ഞുനിന്നിരുന്ന ആ സ്നേഹസാന്നിധ്യത്തിന്റെ ഓർമ്മകൾക്ക് ഒരിക്കലും മങ്ങലേൽക്കില്ല. മൊയ്തു ഹാജി കളത്തൂർ മദീന മഖ്ദൂമിന്റെ ഓർമ്മകളിൽ ഇനിയെന്നും മായാത്ത ഒരു വഴികാട്ടിയായി ജീവിക്കും.

✍️ ആരിഫ് ഹാശിമി കളത്തൂർ

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0