മർഹൂം പള്ളത്തൂർ അബ്ദുല്ല കുഞ്ഞി ഉസ്താദ്; തലമുറകളെ നയിച്ച മഹാഗുരു

Jun 24, 2026 - 11:45
Jun 24, 2026 - 11:56
മർഹൂം പള്ളത്തൂർ അബ്ദുല്ല കുഞ്ഞി ഉസ്താദ്; തലമുറകളെ നയിച്ച മഹാഗുരു

അറിവിന്റെ വെളിച്ചം പകർന്നു നൽകി അനേകം ശിഷ്യരുടെ ജീവിതത്തെ ധന്യമാക്കിയ പ്രിയ ഗുരു പള്ളത്തൂർ അൽഹാജ് അബ്ദുള്ള കുഞ്ഞി മുസ്ലിയാരുടെ വിയോഗം തീരാനഷ്ടമാണ്. ഇസ്ലാമിക വിജ്ഞാനവും ആത്മീയ മാർഗദർശനവും സദാചാര മൂല്യങ്ങളും സമൂഹത്തിന് പകർന്നു നൽകിയ ഉസ്താദിന്റെ സേവനങ്ങൾ എന്നും സ്മരിക്കപ്പെടും. അധ്യാപനത്തെ സേവനമായി കണ്ട് അതിന്ന് വേണ്ടി തപസ്സിരുന്ന് ഒരു നാടിനെ ആത്മീയ ചെെതനൃമുള്ള നാടായി പരിവർത്തിപ്പികുകയാണ് ഉസ്താദ് ചെയ്‌തത്‌. 'അദ്ലഞ്ഞി' ഉസ്താദ് എന്നു  നാട്ടുകാർ ഓമനപ്പേർ ഇട്ടു വിളിക്കുന്ന പള്ളത്തൂർ അബദുല്ല കുഞ്ഞി മുസ്ലിയാർ ജന്മ൦ കൊണ്ട് ഈശ്വരമ൦ഗലം ആണെങ്കിലും കർമ്മമണ്ഡലമായി തിരഞ്ഞെടുത്തത് കേരള-കർണാടക അതിർത്തി പങ്കിടുന്ന മലയോര പ്രദേശമായ പള്ളത്തൂർ എന്ന കൊച്ചു മഹല്ലിനെയാണ്. ദാരിദ്ര്യം കൊടികുത്തി വാണിരുന്ന ഒരു കാലത്ത് പള്ളത്തൂറിൻറെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞു ഒരു നേതൃത്വമായി ഉസ്താദ് കടന്ന് വന്നു. കൃഷി, കൂലിപ്പണി ഉപജീവനമാർഗ്ഗമായി കണ്ടെത്തുന്ന വറുതിയുടെ കാല൦. ചോറ് കൊടുക്കാൻ വീടുകൾ വളരെ വിരളമായിരുന്നു അന്ന്. മദ്റസ എന്ന പേരിൽ ഒരു ഓല ഷെഡ്ഡ്  മാത്രം. മഴക്കാലത്ത്  ചോർന്നൊലിച്ച് ഉൾഭാഗം മഴവെള്ള൦ കൊണ്ട്  നനയും. ഒരു ഓത്ത് പള്ളിക്കാലം. പരീക്ഷകൾ ഇല്ലാതെ രാവിലെ മുതൽ വൈകുന്നേരം വരെ പഠന൦ മാത്രം. ഇതിന്ന് പകരമായി ഉസ്താദ് ഒന്നും ആഗ്രഹിച്ചിരുന്നില്ല. ചിമ്മിണിക്കൂടിലു൦ ദൊൻദിയിലു൦ (ഒരു തരം വിളക്ക്) രാത്രികാലത്തെ പ്രകാശിപ്പിച്ചിരുന്ന വൈദ്യതി ഇല്ലാത്ത കാലത്ത് പള്ളത്തൂർ പഴയ ഓട് മേഞ്ഞ പള്ളിയെ സജീവമാക്കി. നിസ്കാരം കൊണ്ടു൦ മറ്റു ഇബാദത്ത് കൊണ്ടു൦ പള്ളിയു൦ പരിസരവു൦ ധനൃമായി. ആ ആത്മീയ പ്രഭ നാടാകെ പരന്നു പന്തലിച്ചു. ഉസ്താദിന്റെ സാന്നിധ്യമരുളാത്ത ഒരു പരിപാടിയു൦ നാട്ടിലുണ്ടായിരുന്നില്ല. ദേല൦പാടി-ഈശ്വരമ൦ഗല  പഞ്ചായത്തുകളിൽ വരെ ഉസ്താദിന്റെ സാന്നിധ്യം  അനിവാര്യമായിയിരുന്നു. ഏതു വിഷമങ്ങൾക്കു൦ അക്കരെ പള്ളിയെ (പള്ളത്തൂർ ബദർ പള്ളി) കേന്ദ്രീകരിച്ച് അബ്ദുല്ല കുഞ്ഞി ഉസ്താദ് നടത്തിയിരുന്ന ആത്മീയ തലോടൽ നാട്ടുകാരായ എല്ലാവർക്കും സമാശ്വാസവു൦ സമാധാനവുമായിരുന്നു. കുട്ടികൾക്കുണ്ടാകുന്ന കരച്ചിലിന്നു൦ മറ്റിതര രോഗങ്ങൾക്കു൦ ഉസ്താദ് മന്ത്രിച്ചൂതിയ വെള്ളത്തിന്നു൦ ചരടിന്നു൦ വരുന്നവരെ സന്തോഷത്തോടെ അത് നൽകി തിരിച്ചയക്കു൦. ഇത് അനുഭവിക്കാത്തവർ അവിടെ വിരളമായിരിക്കും.
    
മർഹു൦ പള്ളികുഞ്ഞി മുസ്ലിയാർക്ക് ശേഷം പള്ളത്തൂർ നാടിന് ആത്മീയ ചൈതന്യവു൦ വെള്ളിവെളിച്ചവു൦ ദിശാബോധവു൦ നൽകിയവരായിരുന്നു അബ്ദുല്ല കുഞ്ഞി ഉസ്താദ്. നീണ്ട 50 ആണ്ടിൻറെ ചരിത്രമാണ് ഉസ്താദിന് പറയാനുള്ളത്. അധ്യാപന രംഗത്ത് നമുക്കായി മികച്ച മാതൃകകൾ കാഴ്ച വെച്ച് വിദ്യാർത്ഥി മനസ്സിൽ എന്നുമെന്നും മായാതെ കിടക്കുന്ന റോൾ മോഡലായി ഉസ്താദ് പ്രശോഭിച്ച് നിന്നു. പാണ്ഡിത്യത്തിലു൦ ഉസ്താദിന്റെ കഴിവ് പ്രത്യേക൦ എടുത്ത് പറയേണ്ടതാണ്. മദ്റസ കഴിഞ്ഞ മുതിർന്ന കുട്ടികൾക്ക് പണ്ടുകാലത്ത് കിതാബുകൾ ഓതികൊടുക്കുന്ന പതിവുണ്ടായിരുന്നു. വിദ്യാർത്ഥികളായ ഞങ്ങൾക്ക് ഒരുപാട് കിതാബുകൾ ഉസ്താദ് ഓതി തന്നിരുന്നു. കിതാബുകൾ മനസ്സിലാക്കി കൊടുക്കാൻ ഉള്ള അഗാധമായ കഴിവ് ഉസ്താദിന്നുണ്ടായിരുന്നു. കിതാബുകൾ ചൊല്ലിതരുന്നതിൻറ തുടക്കത്തിൽ സയ്യിദന്മാരെ കൊണ്ട് തുടക്കം കുറിക്കുന്ന പതിവു൦ ചീരണി കൊണ്ട് വരാൻ ആവശൃപ്പെടുന്നതു൦ ഉസ്താദിൻറെ പ്രത്യേക ശൈലിയായിരുന്നു. 

കാസർകോട് ഖാസി ആയിരുന്നു മർഹൂം അവറാൻകുട്ടി മുസ്‌ലിയാർ, മർഹൂം സർഖാവി ഉസ്താദ്, മർഹൂം പയ്യക്കി ഉസ്താദ്, ഈശ്വരമംഗലം ജുമാ മസ്ജിദിലെ ഇമാമായിരുന്ന മർഹൂം തെക്കൻ അഹ്മദ് അഷ്റഫ് മുസ്‌ലിയാർ മലപ്പുറം എന്നിവരുൾപ്പെടെയുള്ള വിശ്രുത ഗുരുവര്യന്മാരുടെ സന്നിധിയിൽ നിന്ന് അബ്ദുല്ല കുഞ്ഞി ഉസ്താദ് ഇസ്ലാമിക വിജ്ഞാനത്തിന്റെ ആഴങ്ങൾ പഠിച്ചെടുത്തു. മർഹൂം ആദൂർ യഹ്യൽ അഹ്ദൽ തങ്ങൾ, ദുഗലടുക്ക ഫക്രുദീൻ തങ്ങൾ, ചിർത്തട്ടി അബൂബക്കർ മുസ്‌ലിയാർ, ആദൂർ ആറ്റു തങ്ങൾ, പി എ അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ പള്ളങ്കോട്, മർഹൂം പൂക്കുഞ്ഞി തങ്ങൾ ആദൂർ തുടങ്ങിയ ആത്മീയ ഗുരുക്കളുമായി അഭേദ്യമായ ബന്ധം സ്ഥാപിക്കുകയും നിരവധി ആധ്യാത്മിക ഇജാസത്തുകൾ അവരിൽ നിന്നും നേടിയെടുക്കുകയും ചെയ്‌തിരുന്നു.

അഞ്ചു ആണ്മക്കളു൦ അഞ്ചു പെണ്ണുമക്കളടങ്ങുന്ന കുടുംബമാണ് ഉസ്താദിന്റേത്. ആൺമക്കളെ ദീനി വഴിയിൽ ഉറച്ചു നിൽക്കാൻ ഉസ്താദ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പെണ്മക്കളെ വിവാഹം കഴിച്ച മരുമക്കൾ എല്ലാവരും പണ്ഡിതന്മാരാണ്. അല്ലാഹുവിന്റെ വിശുദ്ധ ഭവനത്തിലേക്ക് അതിഥിയായി എത്തി കഅ്ബയെ കണ്ണുനിറയെ കാണാനും ഹജ്ജും ഉംറയും നിർവഹിച്ചു  മദീന സിയാറത്ത്  ചെയ്യണം എന്ന അതിയായ ആഗ്രഹം ഉസ്താദിൻറെ ഹൃദയത്തിൽ എന്നും ജ്വലിച്ചുകൊണ്ടിരുന്നു. 2011ൽ ഹജ്ജും ഉംറയും മദീന സിയാറത്ത് ചെയ്യാനുള്ള സൗഭാഗ്യം ഉസ്താദിന് ലഭിച്ചു. അസുഖബാധിതനായി വിശ്രമ ജീവിതം നയിക്കുന്ന സമയത്തും വീട്ടിലെത്തുന്നവരെ ആശ്വസിപ്പിക്കാതെ തിരിച്ചയക്കാറില്ലായിരുന്നു. 

മൂന്ന് തലമുറകൾക്ക് അറിവും ആത്മീയ മാർഗ്ഗദർശനവും പകർന്നു നൽകിയ പ്രിയ ഗുരുവിന്റെ വഫാത്ത് സമൂഹത്തിന് തീരാനഷ്ടമാണ്. അരനൂറ്റാണ്ടിലധികം പള്ളത്തൂർ മഹല്ലത്തിലെ നൂറുകണക്കിന് വിദ്യാർത്ഥികൾക്കും നാട്ടിലെ യുവാക്കൾക്കും മുതിർന്നവർക്കും അറിവും ദിശാബോധവും നല്‍കി നന്മയുടെ  വഴിലേക്ക് കൈപിടിച്ച് സേവന വഴിയിലായ്  ജീവിതം സമർപ്പിച്ച ഉസ്‌താദ്‌ ജന ഹൃദയങ്ങളിൽ എന്നും ജീവിക്കും. അല്ലാഹു പാപങ്ങൾ പൊറുത്ത് മഗ്ഫിറത്തും റഹ്മത്തും നൽകുകയും സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ. ആമീൻ.


✒️ ഹാഫിള് റഫീഖ് നിസാമി 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0