കസിൻസ് ബന്ധങ്ങൾ അതിരുകൾ മറക്കരുത്
സമൂഹത്തിൽ ഓരോ ബന്ധത്തിനും പവിത്രതയും മാന്യതയുമുണ്ട്. പ്രത്യേകിച്ച് കുടുംബബന്ധങ്ങൾ. അതിൽ കസിൻസ് പോലുള്ള ബന്ധങ്ങൾ സ്നേഹത്തിലും വിശ്വാസത്തിലും അടിയുറച്ചവയാണ്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ചിലർ ഈ ബന്ധങ്ങളുടെ പേരിൽ എന്തും ചെയ്യാമെന്ന തെറ്റായ ധാരണയിൽ വീഴുന്നത് ആശങ്കാജനകമായ ഒരു പ്രവണതയായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകത്തിന്റെ പിന്നാമ്പുറങ്ങൾ അത്തരത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. 'കസിൻസാണ്' എന്നൊരു വാക്ക് പലപ്പോഴും അതിരുകൾ തകർക്കാനുള്ള ഒരു മറയാകുന്നുവെന്നത് വേദനാജനകമാണ്. ബന്ധങ്ങളുടെ ആഴവും വിശുദ്ധിയും മനസ്സിലാക്കാതെ, അവയെ സ്വാർത്ഥതയുടെയും വികാരങ്ങളുടെയും അടിമയാക്കുമ്പോൾ, അത് വ്യക്തിയുടെയും കുടുംബത്തിന്റെയും മാന്യതയെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് എത്തിക്കും. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പേരിൽ തുടങ്ങുന്ന ചില ഇടപെടലുകൾ നിയന്ത്രണം നഷ്ടപ്പെട്ടാൽ തെറ്റായ വഴികളിലേക്ക് വഴിതെറ്റാൻ സാധ്യത കൂടുതലാണ്. നമ്മുടെ സംസ്കാരവും മതവും കുടുംബബന്ധങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നവയാണ്.
ഓരോ ബന്ധത്തിനും അതിന്റെ പരിധികളും ഉത്തരവാദിത്തങ്ങളും നിശ്ചയിച്ചിട്ടുണ്ടെന്ന് നാം മനസ്സിലാക്കണം. അതിനെ മറികടന്ന് പോകുന്ന ഒരു പ്രവൃത്തിയും അംഗീകരിക്കാനാവില്ല. ബന്ധങ്ങളുടെ മാന്യത കാത്തുസൂക്ഷിക്കപ്പെടുമ്പോഴാണ് കുടുംബവും സമൂഹവും ആരോഗ്യകരമായി മുന്നേറുന്നത്. ഇന്നത്തെ സോഷ്യൽ മീഡിയ കാലഘട്ടത്തിൽ, ആശയവിനിമയം വളരെ എളുപ്പമായി മാറിയിരിക്കുകയാണ്. അതിലൂടെ നല്ലതുപോലെ തന്നെ തെറ്റായ ബന്ധങ്ങളും വളരാനുള്ള സാധ്യതകൾ വർധിച്ചിട്ടുണ്ട്. സ്വകാര്യതയുടെ മറവിൽ നടക്കുന്ന ചില ഇടപെടലുകൾ, പിന്നീട് വലിയ പ്രശ്നങ്ങളായി മാറുന്നുണ്ടെന്നത് നമുക്ക് ചുറ്റുമുള്ള സംഭവങ്ങൾ തെളിയിക്കുന്നു. അഭിമാനം എന്നത് ഒരു വ്യക്തിയുടെ ഏറ്റവും വലിയ സമ്പത്താണ്. അത് ഒരിക്കലും കളങ്കപ്പെടുത്ത പ്രവണതയുണ്ടാകരുത്. നമ്മുടെ പ്രവൃത്തികൾ അഭിമാനത്തെ ക്ഷതം വരുത്തുന്നതായാൽ നമുക്ക് മാത്രം അല്ല, നമ്മുടെ കുടുംബത്തിനും സമൂഹത്തിനും അത് വേദനയായി മാറും. ചില സംഭവങ്ങൾ നമ്മെ പല പാഠങ്ങളും പഠിപ്പിക്കുന്നുണ്ട്. തെറ്റായ വഴികളിലേക്ക് പോയവർ എങ്ങനെ തകർന്നുവെന്നതും, ചാരിത്ര്യം കാത്തുസൂക്ഷിച്ചവർ എങ്ങനെ ഉയർന്നുവെന്നതും നാം പഠിക്കേണ്ടതാണ്.
എന്നാൽ, പഠിക്കുന്നത് മാത്രം പോര; അത് ജീവിതത്തിൽ നടപ്പിലാക്കേണ്ടതുണ്ട്. ചാരിത്ര്യം എന്നത് വാക്കുകളിൽ പറയാനുള്ളതല്ല, പ്രവൃത്തികളിലൂടെ തെളിയിക്കേണ്ട ഒരു മൂല്യമാണ്. യുവജനങ്ങൾക്കിടയിൽ ബോധവൽക്കരണം അത്യാവശ്യമാണ്. ബന്ധങ്ങളുടെ അതിരുകൾ എന്താണെന്ന്, എന്താണ് ശരി, എന്താണ് തെറ്റ് എന്ന തിരിച്ചറിവ് ചെറുപ്പത്തിൽ തന്നെ ഉണ്ടാകണം. മാതാപിതാക്കളും അധ്യാപകരും ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. തുറന്ന സംവാദങ്ങളിലൂടെ കുട്ടികളെയും യുവാക്കളെയും ശരിയായ വഴിയിലേക്ക് നയിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്.
കസിൻസ് എന്ന ബന്ധം ഒരു സൗഹൃദത്തിന്റെയും സഹോദരബന്ധത്തിന്റെയും മനോഹരമായ സംയോജനമാണ്. അതിനെ അതിന്റെ ശുദ്ധിയോടെ നിലനിർത്തുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. ബന്ധം തെറ്റായ ദിശയിലേക്ക് കൊണ്ടുപോകുന്നത് ആ ബന്ധത്തിന്റെ തന്നെ മൂല്യം ഇല്ലാതാക്കുന്നതാണ്.
ജീവിതത്തിൽ നമ്മളെടുക്കുന്ന ഓരോ തീരുമാനവും നമ്മുടെ ഭാവിയെ നിർണ്ണയിക്കുന്നതാണ്. അതുകൊണ്ട് തന്നെ വികാരങ്ങളെ നിയന്ത്രിക്കുകയും വിവേകത്തോടെ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നത് അനിവാര്യമാണ്.
ബന്ധങ്ങളുടെ പേരിൽ അതിരുകൾ മറക്കാതെ, മാന്യതയും ചാരിത്ര്യവും മുൻനിർത്തി മുന്നോട്ട് പോകുമ്പോഴാണ് യഥാർത്ഥ വിജയവും സമാധാനവും നമുക്ക് കൈവരിക്കുക. ബന്ധങ്ങൾ നമ്മെ കെട്ടിപ്പടുക്കാനുള്ളതാണ്. അതിന്റെ പവിത്രത കാത്തുസൂക്ഷിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണ്. കസിൻസാണെന്ന പേരിൽ എന്തും ചെയ്യാമെന്ന തെറ്റായ ചിന്തകൾ ഉപേക്ഷിച്ച്, മാന്യതയോടും ഉത്തരവാദിത്തത്തോടും കൂടി ജീവിക്കുമ്പോൾ മാത്രമേ ഒരു നല്ല സമൂഹം നമുക്ക് സൃഷ്ടിക്കാൻ കഴിയൂ.
✍️ എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ
What's Your Reaction?
Like
1
Dislike
0
Love
2
Funny
0
Angry
0
Sad
1
Wow
0