കേരളത്തിൽ പി എം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ല; രാജ്യസഭയിൽ വ്യക്തമാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: കേരളത്തിൽ പി.എം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. പദ്ധതിക്കായി സംസ്ഥാന സർക്കാർ കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവെച്ചതല്ലാതെ സ്കൂളുകളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ കേരളം ഇതുവരെ പങ്കാളിയായിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി അറിയിച്ചു. രാജ്യസഭയിൽ കോൺഗ്രസ് എം.പി ജെബി മേത്തർ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പി.എം ശ്രീ സ്കൂളുകളുടെ ഔദ്യോഗിക പട്ടികയിൽ കേരളത്തിലെ സംസ്ഥാന സർക്കാർ സ്കൂളുകളുടെ എണ്ണം നിലവിൽ 'പൂജ്യം' ആണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. നിലവിൽ കേരളത്തിൽ നിന്ന് ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള 47 സ്കൂളുകളും കേന്ദ്ര സർക്കാരിന് കീഴിലുള്ളവ (കേന്ദ്രീയ വിദ്യാലയങ്ങൾ പോലെയുള്ളവ) മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതി നടപ്പിലാക്കാത്തതിനാൽ കേരളത്തിലെ പൊതുവിദ്യാലയങ്ങൾക്ക് പി.എം ശ്രീയുടെ ഭാഗമായുള്ള യാതൊരുവിധ പ്രത്യേക ഫണ്ടുകളും കേന്ദ്രം നൽകിയിട്ടില്ല. പി.എം ശ്രീ നടപ്പാക്കാത്ത സാഹചര്യത്തിലും കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷാ പ്രോജക്ടിൽ നിന്നുള്ള തുക അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 99.27 കോടി രൂപ മാത്രമാണ് കേരളത്തിന് കൈമാറിയതെന്നും മന്ത്രി വ്യക്തമാക്കി.
2025 ഒക്ടോബർ 16-നാണ് പദ്ധതിക്കായി സംസ്ഥാന സർക്കാർ കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ ഭരണ-പ്രതിപക്ഷ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിരിക്കുന്നത്. മുൻ എൽ.ഡി.എഫ് സർക്കാർ പദ്ധതി താൽക്കാലികമായി മരവിപ്പിച്ചിരുന്നെങ്കിലും കരാറിൽ ഒപ്പിട്ടതിനാൽ മുന്നോട്ട് പോകാൻ സംസ്ഥാനം നിർബന്ധിതരാണെന്നായിരുന്നു നിലവിലെ യു.ഡി.എഫ് സർക്കാരിന്റെ വാദം. എന്നാൽ സംസ്ഥാന സർക്കാർ സ്കൂളുകൾ ഒന്നും തന്നെ പദ്ധതിയിൽ ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ ഈ വിഷയത്തിൽ രാഷ്ട്രീയ ചർച്ചകൾ വീണ്ടും ശക്തമാകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0