ദുബൈ അന്താരാഷ്ട്ര ഖുർആൻ അവാർഡ്; രണ്ടാഴ്ചക്കുള്ളിൽ 12,000 എൻട്രികൾ

Jul 31, 2026 - 14:24
ദുബൈ അന്താരാഷ്ട്ര ഖുർആൻ അവാർഡ്; രണ്ടാഴ്ചക്കുള്ളിൽ 12,000 എൻട്രികൾ

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ പാരായണ മത്സരങ്ങളിലൊന്നായ 'ദുബൈ ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡിന്റെ 29-ാം പതിപ്പിലേക്ക് റെക്കോർഡ് അപേക്ഷകൾ. രജിസ്ട്രേഷൻ ആരംഭിച്ച് വെറും രണ്ടാഴ്ച പിന്നിടുമ്പോൾ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി 120 രാജ്യങ്ങളിൽ നിന്നുള്ള 12,000-ത്തിലധികം പേരാണ് മത്സരത്തിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അപേക്ഷകരുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. 28-ാമത് പതിപ്പിൽ 105 രാജ്യങ്ങളിൽ നിന്നായി 5,618 പേരായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്.

ഇത്തവണ മൊത്തം 1.2 കോടിയിലധികം യു.എ.ഇ ദിർഹത്തിന്റെ (ഏകദേശം 27 കോടിയിലധികം ഇന്ത്യൻ രൂപ) വൻ സമ്മാനത്തുകയാണ് അവാർഡിനായി നീക്കിവെച്ചിരിക്കുന്നത്. മത്സരത്തിലെ പ്രധാന വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 10 ലക്ഷം യു.എസ് ഡോളർ (ഏകദേശം 8.3 കോടി രൂപ) വീതമാണ് സമ്മാനം ലഭിക്കുക.16 വയസ്സിന് മുകളിലുള്ള പുരുഷ വിഭാഗം (ഒന്നാം സമ്മാനം): 10 ലക്ഷം ഡോളർ  16 വയസ്സിന് താഴെയുള്ള പുരുഷ-സ്ത്രീ വിഭാഗം (ഒന്നാം സമ്മാനം): 10 ലക്ഷം ഡോളർ  ഓരോ വിഭാഗത്തിലെയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം ഒരു ലക്ഷം ഡോളറും 50,000 ഡോളറും ലഭിക്കും.  കൂടാതെ, ഈ വർഷത്തെ 'ഗ്ലോബൽ ഖുർആൻ പേഴ്സണാലിറ്റി'യായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്കും 10 ലക്ഷം ഡോളർ സമ്മാനമായി നൽകും.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണത്തോടെയുള്ള പരിഷ്കാരങ്ങളാണ് ഈ വൻ ജനപങ്കാളിത്തത്തിന് പിന്നിലെന്ന് ദുബൈ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റ്  വ്യക്തമാക്കി. ഇത്തവണ വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക സ്ഥാപനങ്ങൾ വഴിയല്ലാതെ, യോഗ്യരായ പ്രതിഭകൾക്ക് വെബ്സൈറ്റ് വഴി നേരിട്ട് വീഡിയോകൾ അയച്ച് അപേക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഇതാണ് അപേക്ഷകരുടെ എണ്ണം കുത്തനെ ഉയരാൻ കാരണമായത്.  

അവസാന ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ഫൈനലിസ്റ്റുകൾക്ക് റമദാൻ മാസത്തിൽ ദുബൈയിലെ പ്രമുഖ മസ്ജിദുകളിൽ തറാവീഹ് നിസ്‌കാരത്തിന് നേതൃത്വം നൽകാൻ അവസരം ലഭിക്കും. കൂടാതെ ലോകത്തിലെ ഏറ്റവും മനോഹരമായ ഖുർആൻ പാരായണം തിരഞ്ഞെടുക്കുന്നതിനായി പൊതുജനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അവസരവും ഇത്തവണത്തെ മത്സരത്തിന്റെ പ്രത്യേകതയാണ്. ഓഗസ്റ്റ് 15 വരെ അവാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷൻ തുടരാവുന്നതാണ്. പ്രാഥമിക വീഡിയോ പരിശോധനകൾക്ക് ശേഷം തിരഞ്ഞെടുക്കപ്പെടുന്ന ഫൈനലിസ്റ്റുകൾ മാറ്റുരയ്ക്കുന്ന അവസാന ഘട്ട മത്സരങ്ങൾ 2027 ഫെബ്രുവരിയിൽ ദുബൈയിൽ വെച്ച് നടക്കും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0