പ്രധാനമന്ത്രിമായുള്ള കൂടിക്കാഴ്‌ച ആശാവഹം: അബ്‌ദുൽ ഹകീം അസ്ഹരി
ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ ചർച്ച ഏറെ ആശാവഹമായിരുന്നു എന്ന് സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. ദുബായിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക നേതാക്കൾ വിവിധ വിഷയങ്ങളിൽ ഭരണാധികാരികളുമായി ആശയ വിനിമയം നടത്താറുണ്ട്. ഇപ്പോൾ പ്രധാനമായും കേരള യാത്രയ്ക്ക് ശേഷം അത് കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിലുണ്ടാക്കിയ പ്രതികരണങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ലക്ഷ്യം. അതോടൊപ്പം ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ വിവിധ വിഷയങ്ങൾ ചർച്ചയിൽ വിഷയമായി.
മുസ്‌ലിംകൾക്ക് സുരക്ഷിത ബോധം ഉണ്ടെന്നും ശുഭപ്രതീക്ഷയിലാണെന്നും ഹകീം അസ്ഹരി പറഞ്ഞു. ഭരണഘടനാ അടിസ്ഥാനത്തിൽ എല്ലാവർക്കും സംരക്ഷണം ഉള്ള രാജ്യം എന്ന നിലയിലാണ് മുസ്‌ലിംകൾ സുരക്ഷിതർ എന്ന് പറഞ്ഞത്. എന്നാൽ കോടിക്കണക്കിന് ആളുകളുള്ള സ്ഥലത്ത് ചില പ്രശ്നങ്ങൾ ഉണ്ടാവാം. അത്തരം കാര്യങ്ങൾ ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്. ഇസ്‌ലാമിക തത്വത്തിൽ ശുഭപ്രതീക്ഷയോടെയാണ് വിശ്വാസികൾ കഴിയേണ്ടത്. സാമൂഹിക നേതാക്കൾ വെറുപ്പ് സൃഷ്ടിക്കുന്നതിന് പകരം പ്രത്യാശ പകരുന്നതിലാവണം ശ്രദ്ധിക്കേണ്ടത്.
സുന്നി ഐക്യ വിഷയത്തിൽ രാഷ്ട്രീയമില്ല. മൗലിക വിഷയങ്ങളിൽ യോജിക്കുന്ന സംഘടനകളാണ് ഇതു സംബന്ധിച്ചുള്ളത്. അവരുടെ ഐക്യ നിലവിനെ ശുഭ പ്രതീക്ഷയോടെയാണ് എല്ലാവരും കാണുന്നത്. എന്നാൽ ഇതിന് മുസ്‌ലിംകൾ എല്ലാവരും ഒന്നിക്കുന്നു എന്നർത്ഥമില്ല.
യമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വിഷയം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായിരുന്നു. മോചനം നയതന്ത്രപരമായ വിഷയമാണ്. നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതോടെ തങ്ങളുടെ ദൗത്യം തീർന്നു. സമാധാനപരമായ പ്രവർത്തനമാണ്. ഇതിൽ ഏതെങ്കിലും രീതിയിൽ ഇടപെടേണ്ടതുണ്ടെങ്കിൽ അതിന് തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



