കാസർഗോഡ് ജനറൽ ആശുപത്രിയിലെ ഒൻപതുവയസ്സുകാരന്റെ മരണം: സമഗ്രവും നിഷ്പക്ഷവുമായ ഉന്നതതല അന്വേഷണം വേണമെന്ന് എസ് വൈ എസ്

Jul 16, 2026 - 10:11
കാസർഗോഡ് ജനറൽ ആശുപത്രിയിലെ ഒൻപതുവയസ്സുകാരന്റെ മരണം: സമഗ്രവും നിഷ്പക്ഷവുമായ ഉന്നതതല അന്വേഷണം വേണമെന്ന് എസ് വൈ എസ്

കാസർഗോഡ്: ജനറൽ ആശുപത്രിയിൽ ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്കിടെ ഒൻപതുവയസ്സുകാരൻ മരണപ്പെടാനിടയായ സംഭവം അങ്ങേയറ്റം വേദനാജനകവും ഞെട്ടിപ്പിക്കുന്നതുമാണെന്നും ഇതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും സുന്നി യുവജന സംഘം എസ് വൈ എസ് കാസർഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എസ് വൈ എസ് ജില്ലാ പ്രവർത്തക സമിതി അംഗവും കേരള മുസ്ലിം ജമാഅത്ത് ഉദുമ സോൺ സെക്രട്ടറിയും എസ് എം എ മേഖലാ സെക്രട്ടറിയുമായ തലേകുന്ന് അഷ്റഫ് സഖാഫിയുടെ മകൻ ഇയാസിന്റെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

സാധാരണക്കാരായ ജനങ്ങൾ പൂർണ്ണ വിശ്വാസത്തോടെ ആശ്രയിക്കുന്ന ഒരു സർക്കാർ പൊതുജനാരോഗ്യ കേന്ദ്രത്തിൽ ലളിതമായൊരു ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച കുട്ടിക്ക് ജീവൻ നഷ്ടപ്പെടേണ്ടി വന്ന സാഹചര്യം കടുത്ത ആശങ്ക ഉളവാക്കുന്നതാണ്. ഈ ദാരുണമായ ദുരന്തത്തിന് കാരണം ചികിത്സാ പിഴവോ അതോ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കൃത്യവിലോപമാണോ എന്ന് ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുടെയോ ഡോക്ടർമാരുടെയോ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ സർക്കാർ ഉടൻ തന്നെ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണം. ആരോഗ്യരംഗത്ത് ഏറെ മുന്നിലാണെന്ന് അവകാശപ്പെടുമ്പോഴും സാധാരണക്കാരുടെ ആശ്രയമായ ജില്ലാ ജനറൽ ആശുപത്രിയിൽ ഇത്തരം ഗുരുതരമായ വീഴ്ചകൾ ആവർത്തിക്കുന്നത് യാതൊരു തരത്തിലും അംഗീകരിക്കാനാകില്ല. കുറ്റക്കാർ ആരെങ്കിലുമുണ്ടെങ്കിൽ അവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം. മരണപ്പെട്ട ഇയാസിന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതായും അവർക്ക് നീതി ഉറപ്പാക്കാൻ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നും എസ് വൈ എസ് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട്‌ സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം, ജനറൽ സെക്രട്ടറി സിദ്ധീഖ് സഖാഫി ബായാർ, താജുദ്ദീൻ സുബ്ബയ്ക്കട്ടെ, റസാഖ് സഖാഫി കോട്ടക്കുന്ന്, ഹാരിസ് ഹിമമി സഖാഫി, അബ്ദുൽ അസീസ് സഖാഫി മച്ചമ്പാടി, അഹ്‌മദ്‌ ഷെറീൻ, ഹാരിസ് ഹിമമി സഖാഫി, ഫാറൂഖ് കുബണൂർ, ശകീർ പെട്ടിക്കുണ്ട് , മുനീർ എർമാളം, അബ്ദുൽ റഹ്മാൻ സഖാഫി ചിപ്പാർ, സിദ്ധീഖ് ഹനീഫി, ഹനീഫ് സഅദി കുമ്പോൽ, യൂസുഫ് സഖാഫി കനിയാല, ശിഹാബ് പാണത്തൂർ തുടങ്ങിയവർ സംബന്ധിച്ചു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0