ബഹ്റുൽ ഉലൂം ഒ.കെ. ഉസ്താദിന്റെ ശിക്ഷണം ജീവിതത്തിന് ദിശാബോധം നൽകി; ഓർമ്മകൾ പങ്കുവെച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
ഉസ്താദുൽ അസാതീദ് ഒ കെ സൈനുദ്ദീൻ ബിൻ അലി ഹസൻ(റ)ന്റെ ദർസിലെ മൂന്നു വർഷത്തെ പഠനകാലം തന്റെ ജീവിതത്തിന്റെ ദിശ നിർണയിച്ച നിർണായക ഘട്ടമായിരുന്നുവെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അനുസ്മരിച്ചു. ഒ.കെ. ഉസ്താദിന്റെ ആണ്ടനുസ്മരണത്തോടനുബന്ധിച്ച് പങ്കുവെച്ച കുറിപ്പിലാണ് ഒ കെ ഉസ്താദുമായുള്ള ആത്മബന്ധവും പഠനകാല ഓർമകളും അദ്ദേഹം വിവരിച്ചത്.
1958-ൽ തലക്കടത്തൂരിലും പിന്നീട് ചാലിയത്തുമായി ഉസ്താദിന്റെ കീഴിൽ ജംഉൽ ജവാമിഅ്, മുഖ്തസറുൽ മആനീ, സ്വഹീഹുൽ ബുഖാരി തുടങ്ങിയ കിതാബുകൾ ഓതാൻ സാധിച്ചു. പാഠഭാഗങ്ങൾ കൃത്യമായി പരിശോധിച്ച് വിദ്യാർഥികളുടെ സംശയങ്ങൾ പൂർണമായും ദൂരീകരിച്ച ശേഷമേ അടുത്ത പാഠത്തിലേക്ക് ഉസ്താദ് കടക്കുമായിരുന്നുള്ളൂ. രാപകൽ ഭേദമന്യേ ഏതുസമയത്തും സംശയനിവാരണത്തിനായി ഉസ്താദിനെ സമീപിക്കാൻ വിദ്യാർഥികൾക്ക് സാധിച്ചിരുന്നു. തുടർപഠനത്തിനായി തന്നെ വെല്ലൂർ ബാഖിയാത്തിലേക്ക് അയച്ചതും ഒ കെ ഉസ്താദായിരുന്നുവെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഓർമിച്ചു.
ഫിഖ്ഹ്, ഹദീസ്, തഫ്സീർ, മആനീ, മൻഥ്വിഖ് തുടങ്ങിയ എല്ലാ ഇസ്ലാമിക വിജ്ഞാന ശാഖകളിലും അഗാധ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ 'ബഹ്റുൽ ഉലൂം' (വിജ്ഞാന സാഗരം) എന്ന വിശേഷണം ഉസ്താദിന് തികച്ചും അനുയോജ്യമാണ്. ഖിബ്ല നിർണയത്തിനും നിസ്കാര സമയ നിജപ്പെടുത്തലിനും ആശ്രയിക്കുന്ന ഗോളശാസ്ത്ര ഗ്രന്ഥങ്ങളായ രിസാലത്തുൽ ഹിസാബ്, രിസാലത്തുൽ മാറദീനി എന്നിവയിലെ സങ്കീർണമായ വിഷയങ്ങൾ പോലും ലളിതമായി വിദ്യാർഥികൾക്ക് പകർന്നുനൽകാൻ ഉസ്താദിന് സവിശേഷ കഴിവുണ്ടായിരുന്നു.
അക്കാദമിക പഠനത്തോടൊപ്പം ഭാഷാപഠനത്തെയും പ്രഭാഷണ കലയെയും ഉസ്താദ് പ്രോത്സാഹിപ്പിച്ചിരുന്നു. ചാലിയത്ത് പഠിക്കുന്ന കാലത്ത്, പള്ളിമൈതാനത്ത് 48 മണിക്കൂർ തുടർച്ചയായി സൈക്കിൾ ചവിട്ടുന്ന പരിപാടിക്കെതിരെ നിസ്കാരം ഖളാആകുമെന്ന കാരണത്താൽ വിദ്യാർഥികൾ രംഗത്തുവരികയുണ്ടായി. തുടർന്നുണ്ടായ മധ്യസ്ഥ ചർച്ചകൾക്ക് ശേഷം പുറത്തുവെച്ച് സംഘാടകർ പണ്ഡിതന്മാരെയും മഹാന്മാരെയും അധിക്ഷേപിച്ചപ്പോൾ, സുന്നത്ത് ജമാഅത്തും നിസ്കാരത്തിന്റെ പ്രാധാന്യവും വിശദീകരിക്കാൻ നാട്ടുകാർ പരിപാടി സംഘടിപ്പിച്ചു. അന്ന് പ്രഭാഷണം നടത്താൻ ഒ.കെ. ഉസ്താദ് നിർദേശിച്ചത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെയായിരുന്നു. നാല് ദിവസം നീണ്ടുനിന്ന ആ പ്രഭാഷണം ഒ കെ ഉസ്താദ് പൂർണമായും ഇരുന്ന് കേട്ടത് ജീവിതത്തിലെ വലിയ അംഗീകാരവും തുടർന്നുള്ള പ്രബോധന പ്രവർത്തനങ്ങൾക്ക് കരുത്തുമായെന്ന് കാന്തപുരം ഉസ്താദ് കുറിച്ചു.
മർകസിന്റെ ആരംഭകാലം മുതൽ എല്ലാ പ്രധാന സമ്മേളനങ്ങളിലും ഒ കെ ഉസ്താദ് സാന്നിധ്യമായിരുന്നു. സമസ്തയിലെ ഭിന്നിപ്പിന്റെ കാലത്തും റിയാദ് ജയിലിൽ അകപ്പെട്ട പ്രതിസന്ധി ഘട്ടങ്ങളിലുമെല്ലാം ഒ കെ ഉസ്താദ് നൽകിയ മാനസിക പിന്തുണയും പ്രാർഥനയും വലിയ കരുത്തായി. 1956-57 കാലഘട്ടത്തിൽ സ്വന്തം വീട് നിർമിക്കുന്നതിനും മുമ്പാണ് 'ഇഹ്യാഉസ്സുന്ന' എന്ന കലാലയത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഉസ്താദ് തുടക്കമിട്ടത്. സമസ്തയുടെ സെന്റിനറി കാലത്ത് പ്രസ്ഥാനത്തിന് ഉസ്താദ് നൽകിയ സംഭാവനകൾ പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണെന്നും, അവിടുത്തെ ജീവിതം അധ്യാപകർക്കും വിദ്യാർഥികൾക്കും ദീനി പ്രവർത്തകർക്കും എന്നും മാതൃകയാണെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അനുസ്മരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0