ബോവിക്കാനത്ത് വീടിന് സമീപം യുവാവ് വെടിയേറ്റു മരിച്ച നിലയിൽ

Nov 16, 2026 - 12:00
ബോവിക്കാനത്ത് വീടിന് സമീപം യുവാവ് വെടിയേറ്റു മരിച്ച നിലയിൽ

കാസർകോട്: ബോവിക്കാനം കാട്ടിപ്പള്ളത്ത് യുവാവിനെ വീടിന് സമീപത്തെ റോഡിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിപ്പള്ളത്തെ കെ. മൊയ്തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.10-ഓടെയാണ് വീടിന് ഏകദേശം 100 മീറ്റർ അകലെയുള്ള റോഡിൽ മൃതദേഹം കണ്ടെത്തിയത്.

ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, പോലീസ് നടത്തിയ പരിശോധനയിൽ കവിളിന് സമീപം വെടിയേറ്റ മുറിവും മൃതദേഹത്തിന് അരികിലായി ഒരു തോക്കും കണ്ടെത്തിയതോടെയാണ് സംഭവം വെടിവെപ്പാണെന്ന് വ്യക്തമായത്. 

തോക്കുമായി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജില്ലാ പോലീസ് മേധാവി പി. നിധിൻ രാജ്, ബേക്കൽ ഡിവൈ.എസ്.പി കെ. വിനോദ് കുമാർ എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0