2027 ഹജ്ജ്: ഇന്ത്യ-സഊദി ഉഭയകക്ഷി കരാർ ഒപ്പുവെച്ചു; 1,75,025 ഇന്ത്യൻ തീർത്ഥാടകർക്ക് അവസരം

Nov 14, 2026 - 14:38
2027 ഹജ്ജ്: ഇന്ത്യ-സഊദി ഉഭയകക്ഷി കരാർ ഒപ്പുവെച്ചു; 1,75,025 ഇന്ത്യൻ തീർത്ഥാടകർക്ക് അവസരം

ജിദ്ദ: 2027-ലെ ഹജ്ജ് തീർത്ഥാടനത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ക്വാട്ട 1,75,025 ആയി നിശ്ചയിച്ചുകൊണ്ട് ഇന്ത്യയും സഊദി അറേബ്യയും ഉഭയകക്ഷി ഹജ്ജ് കരാറിൽ ഒപ്പുവെച്ചു. ജിദ്ദ സൂപ്പർഡോമിൽ സമാപിച്ച ആറാമത് വാർഷിക ഹജ്ജ് കോൺഫറൻസിനും പ്രദർശനത്തിനുമിടെ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവും സഊദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ-റബീഅയും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്.

ഇതോടെ ഇന്തോനേഷ്യയ്ക്കും പാകിസ്ഥാനും ഒപ്പം ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകരെ അയക്കുന്ന ലോകത്തിലെ ആദ്യ മൂന്ന് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ സ്ഥാനം നിലനിർത്തി. 2025 മുതൽ ഇന്ത്യയ്ക്ക് ലഭിച്ചുവരുന്ന അതേ ക്വാട്ടയാണ് 2027-ലേക്കും അനുവദിച്ചിരിക്കുന്നത്. തീർത്ഥാടകരുടെ സുരക്ഷ, താമസം, ആരോഗ്യ പരിപാലനം, ഗതാഗതം എന്നിവയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കാൻ കരാറിലൂടെ തീരുമാനമായി.

സഊദി വിഷൻ 2030, 'പിൽഗ്രിം എക്സ്‌പീരിയൻസ് പ്രോഗ്രാം' എന്നിവയുടെ ഭാഗമായി സംഘടിപ്പിച്ച നാലുദിവസത്തെ വാർഷിക ഹജ്ജ് സമ്മേളനത്തിൽ 150-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും രണ്ട് ലക്ഷത്തിലധികം സന്ദർശകരും പങ്കെടുത്തു. ലോകമെമ്പാടുമുള്ള തീർത്ഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനായി സർക്കാർ, സ്വകാര്യ, സന്നദ്ധ മേഖലകളിലായി ആകെ 2,553 സേവന കരാറുകളിലാണ് സമ്മേളനത്തിൽ ഒപ്പുവെച്ചത്.

ക്വാട്ട നിർണ്ണയ മാനദണ്ഡം
ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ (OIC) നിശ്ചയിച്ചിട്ടുള്ള 'പത്ത് ലക്ഷം മുസ്ലിം ജനസംഖ്യയ്ക്ക് 1,000 തീർത്ഥാടകർ' എന്ന അനുപാതത്തിലാണ് സഊദി അറേബ്യ വിവിധ രാജ്യങ്ങൾക്ക് വാർഷിക ഹജ്ജ് ക്വാട്ട അനുവദിക്കുന്നത്. മിന, അറഫ, മുസ്‌ദലിഫ എന്നീ പുണ്യസ്ഥലങ്ങളിലെ ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും, തീർത്ഥാടകർക്ക് സുഗമവും സുരക്ഷിതവുമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഈ ക്വാട്ട സമ്പ്രദായം സഹായകമാകും.

സന്ദർശന വേളയിൽ മക്ക ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജകുമാരനുമായും ഇന്ത്യൻ കോൺസുലേറ്റ്, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരുമായും കേന്ദ്രമന്ത്രി കിരൺ റിജിജു കൂടിക്കാഴ്ച നടത്തി തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0