ഐക്യരാഷ്ട്ര സഭ സമ്മേളനം: പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന് വീണ്ടും വിസ നിഷേധിച്ച് അമേരിക്ക
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി അമേരിക്കയിലെത്താൻ അപേക്ഷ നൽകിയ പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിനും മുതിർന്ന പ്രതിനിധികൾക്കും യു.എസ് വിസ നിഷേധിച്ചു. തുടർച്ചയായ രണ്ടാം വർഷമാണ് അബ്ബാസിന് അമേരിക്ക പ്രവേശന വിസ നിഷേധിക്കുന്നത്. ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടക്കുന്ന വാർഷിക സമ്മേളനത്തിൽ നേരിട്ട് പങ്കെടുത്ത് സംസാരിക്കാനിരിക്കെയാണ് അമേരിക്കയുടെ ഈ നീക്കം. അബ്ബാസിനൊപ്പം യാത്ര തിരിക്കാനിരുന്ന ഡസൻ കണക്കിന് പലസ്തീനിയൻ അതോറിറ്റി ഉദ്യോഗസ്ഥരുടെയും വിസ അപേക്ഷകൾ നിരസിക്കപ്പെട്ടിട്ടുണ്ട്.
തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന വകുപ്പുകൾ ആരോപിച്ചാണ് പലസ്തീൻ ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കിയതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നോട്ടീസിൽ വ്യക്തമാക്കുന്നത്. കൂടാതെ അന്താരാഷ്ട്ര വേദികളിൽ ഇസ്രായേലിനെതിരെ സ്വീകരിക്കുന്ന നിലപാടുകളും, ഏകപക്ഷീയമായി പലസ്തീൻ രാഷ്ട്ര രൂപീകരണത്തിന് നടത്തുന്ന ശ്രമങ്ങളുമാണ് നടപടിക്ക് കാരണമായി അമേരിക്ക ചൂണ്ടിക്കാണിക്കുന്നത്. വിസ നിഷേധിച്ച പശ്ചാത്തലത്തിൽ, കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും യു.എൻ പൊതുസഭയെ വീഡിയോ കോൺഫറൻസിംഗ് വഴി അഭിസംബോധന ചെയ്യാൻ മഹമൂദ് അബ്ബാസിന് അനുമതി നൽകണമെന്ന് പലസ്തീൻ യു.എൻ മിഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പ്രമേയം പൊതുസഭയുടെ പരിഗണനയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. യു.എൻ ആസ്ഥാനത്തേക്ക് എത്തുന്ന വിദേശ നേതാക്കൾക്ക് വിസ നൽകാൻ ആതിഥേയ രാജ്യമെന്ന നിലയിൽ അമേരിക്കയ്ക്ക് നിയമപരമായ ബാധ്യതയുണ്ടെന്നിരിക്കെ, യു.എസിന്റെ ഈ തീരുമാനം നയതന്ത്ര തലത്തിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0