ഇന്ധനവില കുതിച്ചുയരുന്നു: പാക്കിസ്ഥാൻ 'സ്മാർട്ട് ലോക്ക്ഡൗണിലേക്ക്'

Sep 16, 2026 - 16:08
ഇന്ധനവില കുതിച്ചുയരുന്നു: പാക്കിസ്ഥാൻ 'സ്മാർട്ട് ലോക്ക്ഡൗണിലേക്ക്'

ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതോടെ രൂക്ഷമായ ഇന്ധനക്ഷാമം മറികടക്കാൻ പാക്കിസ്ഥാൻ സ്മാർട്ട് ലോക്ക്ഡൗണിലേക്ക് നീങ്ങുന്നു. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി രാജ്യത്തുടനീളം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. പെട്രോൾ വില ലിറ്ററിന് 384.34 പാക്കിസ്ഥാനി രൂപയായും ഹൈസ്പീഡ് ഡീസൽ വില 415.83 രൂപയായും ഉയർന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ ചർച്ച ചെയ്തത്.

സർക്കാർ, സ്വകാര്യ ഓഫീസുകളിൽ ആഴ്ചയിൽ നാല് ദിവസം മാത്രം പ്രവൃത്തിദിനമാക്കാനും ബാക്കി ദിവസങ്ങളിൽ 'വർക്ക് ഫ്രം ഹോം' മാതൃക നടപ്പാക്കാനും നിർദേശമുണ്ട്. ഇന്ധനവും വൈദ്യുതിയും ലാഭിക്കുന്നതിനായി വാണിജ്യ സ്ഥാപനങ്ങളും മാർക്കറ്റുകളും വൈകുന്നേരത്തോടെ അടച്ചുപൂട്ടാൻ നടപടിയുണ്ടാകും.  പെട്രോൾ വിലക്കയറ്റത്തിൽ വലയുന്ന സാധാരണക്കാർക്കായി 'പി.എം ഫ്യുവൽ റിലീഫ് സ്കീം' വഴി സബ്‌സിഡി നിരക്കിൽ ഇന്ധനം ലഭ്യമാക്കും. ഇരുചക്രവാഹനങ്ങൾക്ക് ആഴ്ചയിൽ 5 ലിറ്ററും കാറുകൾക്ക് 10 ദിവസത്തിൽ 10 ലിറ്ററും സബ്‌സിഡി നിരക്കിൽ പെട്രോൾ നൽകും.  

അതേസമയം, കുതിച്ചുയരുന്ന വിലക്കയറ്റത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നിയന്ത്രണങ്ങൾ ഔദ്യോഗികമായി നടപ്പിലാക്കുന്നതോടെ വരും ദിവസങ്ങളിൽ പാക്കിസ്ഥാനിലെ പൊതുജീവിതം ഭാഗികമായി സ്തംഭിക്കാൻ സാധ്യതയുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0