അറബി വാക്കിലുള്ള അഭിവാദ്യങ്ങൾ ഉപയോഗിച്ചതിന് ഐ.പി.എസ് ഉദ്യോഗസ്ഥക്ക് സ്ഥലംമാറ്റം
കൊൽക്കത്ത: സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ 'അസ്സലാമു അലൈക്കും', 'ഇൻഷാ അല്ലാഹ്' തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചതിന്റെ പേരിൽ ഐ.പി.എസ് ഉദ്യോഗസ്ഥ ബുഷറ ബാനുവിനെ സ്ഥലം മാറ്റി. പശ്ചിമ ബംഗാൾ കേഡറിലെ 2021 ബാച്ച് ഉദ്യോഗസ്ഥയായ ബുഷറ ബാനുവിനെതിരെ ചില ഹിന്ദുത്വ സംഘടനകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാറിന്റെ ഈ നടപടി. ഖരഗ്പൂർ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എ.എസ്.പി) ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്ന അവരെ സംസ്ഥാന സായുധ പോലീസിന്റെ ഡെപ്യൂട്ടി കമാൻഡന്റ് പദവിയിലേക്കാണ് മാറ്റിയത്.
സിവിൽ സർവീസ് പരീക്ഷാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പങ്കുവെച്ച വീഡിയോയിലാണ് താരം തൻറെ അനുഭവങ്ങൾ പങ്കുവെച്ചത്. അലിഗഡ് മുസ്ലിം സർവകലാശാലയിലെ കോച്ചിങ് അക്കാദമിയുടെ പങ്കിനെക്കുറിച്ച് സംസാരിക്കവേ 'അസ്സലാമു അലൈക്കും', 'ഇൻഷാ അല്ലാഹ്', 'ജസാക്കല്ലാഹ്' എന്നീ പ്രയോഗങ്ങൾ ബുഷറ ബാനു ഉപയോഗിച്ചിരുന്നു. 'ജയ് ഹിന്ദ്', 'വന്ദേ മാതരം' തുടങ്ങിയ ദേശീയ അഭിവാദ്യങ്ങൾക്ക് പകരം മതപരമായ വാക്കുകൾ ഉപയോഗിച്ചു എന്ന് ആരോപിച്ച് വലതുപക്ഷ സംഘടനകൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധമുയർത്തുകയും പരാതി നൽകുകയുമായിരുന്നു. എന്നാൽ, ഓൾ ഇന്ത്യ സർവീസ് പെരുമാറ്റച്ചട്ടങ്ങളിൽ എവിടെയും മതപരമായ അഭിവാദ്യങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടില്ലെന്നും 'ജയ് ഹിന്ദ്' നിർബന്ധമാണെന്ന് പറയുന്നില്ലെന്നുമാണ് മറുപക്ഷ വാദം. ഉത്തരപ്രദേശ് സ്വദേശിയായ ബുഷറ ബാനു, സൗദി അറേബ്യയിലെ അസിസ്റ്റന്റ് പ്രൊഫസർ ജോലി രാജിവെച്ചാണ് സിവിൽ സർവീസ് നേടി ഐ.പി.എസിൽ പ്രവേശിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0