ഡ്രൈവിങ് ലൈസൻസിന് ഇനി നാല് കടമ്പകൾ: 'ഹസാർഡ് പെർസെപ്ഷൻ' പരീക്ഷ ഡിസംബർ 1 മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് പരീക്ഷാ രീതിയിൽ സുപ്രധാന പരിഷ്കാരവുമായി മോട്ടോർ വാഹന വകുപ്പ്. തുടരെ ഉണ്ടാകുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഡ്രൈവർമാരുടെ ജാഗ്രത ഉറപ്പാക്കുന്നതിനുമായി നിലവിലുള്ള മൂന്ന് ഘട്ടങ്ങൾക്ക് പകരം 'ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്' എന്ന പുതിയൊരു കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ കൂടി ഉൾപ്പെടുത്തി. പുതിയ ഉത്തരവ് ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും. പുതിയ പരീക്ഷാ ഘടനയനുസരിച്ച് ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റ്, ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് (പുതിയ പരീക്ഷ), ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.
ലേണേഴ്‌സ് പരീക്ഷ പാസായി 30 ദിവസത്തിന് ശേഷമാണ് ഈ പരീക്ഷ അഭിമുഖീകരിക്കേണ്ടത്. ഡ്രൈവിങ്ങിനിടെ പെട്ടെന്നുണ്ടാകാവുന്ന അപകടസാധ്യതകളും തടസ്സങ്ങളും എത്രത്തോളം വേഗത്തിൽ ഡ്രൈവർ മുൻകൂട്ടി തിരിച്ചറിയുന്നു എന്ന് വിലയിരുത്തുന്ന രീതിയാണിത്. ഒരു മിനിറ്റ് വീതം ദൈർഘ്യമുള്ള 10 വീഡിയോ ക്ലിപ്പുകൾ അടങ്ങിയതായിരിക്കും ടെസ്റ്റ്. വിഡിയോയിലെ അപകടസാധ്യതകൾ കൃത്യസമയത്ത് മൗസ് ക്ലിക്ക് ചെയ്ത് തിരിച്ചറിയണം. 100 മാർക്കിൽ കുറഞ്ഞത് 60 മാർക്ക് നേടുന്നവർക്ക് മാത്രമേ തുടർന്ന് ഗ്രൗണ്ട് ടെസ്റ്റിലേക്ക് കടക്കാൻ സാധിക്കൂ. റോഡുകളിലെ അപകടസാധ്യതകൾ മുൻകൂട്ടി മനസ്സിലാക്കാനുള്ള ഡ്രൈവർമാരുടെ ജാഗ്രതക്കുറവാണ് പല അപകടങ്ങൾക്കും കാരണമെന്ന കണ്ടെത്തലിനെ തുടർന്നാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ പുതിയ പരിശോധനാ രീതി നടപ്പിലാക്കാൻ അധികൃതർ തീരുമാനിച്ചത്. പുതിയ തീരുമാനം വരുന്നതോടെ ഡ്രൈവിങ് ലൈസൻസ് നേടുന്നത് മുൻപത്തെക്കാൾ കൂടുതൽ കർശനമാകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0