ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിക്കാൻ മലേഷ്യൻ പ്രധാനമന്ത്രി ഞായറാഴ്ച കോഴിക്കോട്ടെത്തും

Sep 11, 2026 - 10:12
ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിക്കാൻ മലേഷ്യൻ പ്രധാനമന്ത്രി ഞായറാഴ്ച കോഴിക്കോട്ടെത്തും

കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീം ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കാൻ മറ്റന്നാൾ ഞായറാഴ്‌ച കേരളത്തിലെത്തും. അഞ്ചു ദിവസത്തെ ഇന്ത്യ പര്യടനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഗ്രാൻഡ് മുഫ്‌തിയെ സന്ദർശിക്കുന്നത്. ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷമാണ് അൻവർ ഇബ്‌റാഹീം കോഴിക്കോട്ടെത്തുക.
മർകസ് സെൻട്രൽ ക്യാമ്പസിൽ ഗ്രാൻഡ് മുഫ്‌തിയുമായി കൂടിക്കാഴ്‌ച നടത്തുന്ന അദ്ദേഹം മർകസ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന പ്രത്യേക പ്രാർഥന സംഗമത്തിലും ഗ്രാൻഡ് മുഫ്‌തിയുടെ വിരുന്നിലും സംബന്ധിക്കും. വിദ്യാഭ്യാസം, വൈജ്ഞാനികം, സാമൂഹ്യ വികസനം തുടങ്ങിയ വിഷയങ്ങളിൽ മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചർച്ചയും നടക്കും. മർകസ് സന്ദർശന ശേഷം അൻവർ ഇബ്റാഹീം ഗ്രാൻഡ് മുഫ്‌തിയുമൊത്ത് സൗത്തിന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ മടവൂർ സിഎം വലിയുല്ലാഹി മഖാമും സന്ദർശിക്കും.

ഇത് രണ്ടാം തവണയാണ് അൻവർ ഇബ്റാഹീം ഗ്രാൻഡ് മുഫ്‌തിയെ സന്ദർശിക്കാൻ കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിയാവുന്നതിന് ഏതാനും ആഴ്ച‌കൾക്ക് മുമ്പ് 2022 സെപ്റ്റംബറിലായിരുന്നു ആദ്യ മർകസ് സന്ദർശനം. അന്നും കാന്തപുരവുമൊത്ത് അദ്ദേഹം മടവൂർ മഖാം സന്ദർശിച്ചിരുന്നു. 2023ൽ മതപണ്ഡിതർക്കുള്ള പരമോന്നത ബഹുമതിയായ ഹിജ്റ പുരസ്‌കാരം മലേഷ്യൻ സർക്കാർ കാന്തപുരത്തിന് സമ്മാനിച്ചിരുന്നു. കാന്തപുരത്തിൻ്റെ ആറുപതിറ്റാണ്ട് നീണ്ട ഹദീസ് അധ്യാപനത്തിന് ആദരസൂചകമായി മലേഷ്യൻ സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ 2023, 2024, 2025 വർഷങ്ങളിൽ ക്വാലാലംപൂരിൽ ഗ്രാൻഡ് മുഫ്‌തിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമങ്ങൾ സംഘടിപ്പിച്ചിരുന്നു.
മലേഷ്യയിലെ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമവുമായും തൊഴിൽ പ്രശ്‌നങ്ങളുമായും ബന്ധപ്പെട്ടും കേരളത്തിൽ നിന്ന്, പ്രത്യേകിച്ച് കോഴിക്കോട് നിന്ന് മലേഷ്യയിലേക്ക് നേരിട്ടുള്ള ഫ്ളൈറ്റ് ആരംഭിക്കുന്നത് സംബന്ധിച്ചും നേരത്തെ ഗ്രാൻഡ് മുഫ്‌തി ഇടപെടലുകൾ നടത്തിയിരുന്നു. മലേഷ്യൻ പ്രധാനമന്ത്രിയുടെ ഇന്ത്യൻ പര്യടനവും കേരള സന്ദർശനവും ഇരുരാജ്യങ്ങൾക്കുമിടയിൽ വാണിജ്യം, വിനോദ സഞ്ചാരം, നിക്ഷേപം, സാമ്പത്തിക സഹകരണം, വിദ്യാഭ്യാസം, കണക്‌ടിവിറ്റി തുടങ്ങിയ രംഗങ്ങളിൽ വലിയ ചലനങ്ങളും മുന്നേറ്റങ്ങളും സൃഷ്ടിക്കുമെന്നാണ് പ്രത്യാശിക്കപ്പെടുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0