ജാമിഅ: മർകസ് ഖത്മുൽ ബുഖാരിയും സനദ്‌ദാനവും ജനുവരി രണ്ടിന്
കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുൽ ബുഖാരി ദർസിൻ്റെ വാർഷിക സമാപനമായ ഖത്തുൽ ബുഖാരി സംഗമവും സഖാഫി പണ്ഡിതരുടെ സനദ് ദാനവും 2027 ജനുവരി 2 ശനിയാഴ്‌ച നടക്കും. ജാമിഅ മർകസിൻ്റെ വിവിധ ഡിപ്പാർട്മെൻ്റുകളിൽ നിന്നും കഴിഞ്ഞ വർഷം പഠനം പൂർത്തിയാക്കിയ സഖാഫി പണ്ഡിതർക്കും മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്നും വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കിയ ഹാഫിളുകൾക്കുമുള്ള സനദ്‌ദാനവും ഖത്മൽ ബുഖാരിയോടനുബന്ധിച്ച് സംഘടിപ്പിക്കും.
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ആറര പതിറ്റാണ്ട് നീണ്ട മതാധ്യാപന ചരിത്രത്തിൽ ഏറെ പ്രധാനമാണ് പ്രമുഖ ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ ദർസ്. എല്ലാ വർഷവും വിപുലമായി സംഘടിപ്പിക്കുന്ന ഖത്മൽ ബുഖാരി സംഗമങ്ങളുടെ തുടർച്ചയെന്നോണം മലേഷ്യയിൽ ഭരണകൂടത്തിൻ്റെ ആഭിമുഖ്യത്തിലും മറ്റു രാജ്യങ്ങളിൽ പണ്ഡിതസഭകളുടെ മേൽനോട്ടത്തിലും കാന്തപുരം ഉസ്‌താദ് നേതൃത്വം നൽകുന്ന ഹദീസ് പഠനസംഗമങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി നടന്നുവരുന്നു.
വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന മർകസിന്റെ അമ്പതാം വാർഷിക പദ്ധതികളുടെ കൂടുതൽ പ്രഖ്യാപനങ്ങളും പ്രവർത്തനോദ്ഘാടനങ്ങളും ഖത്മുൽ ബുഖാരിയോടനുബന്ധിച്ച് നടക്കും. എല്ലാ ഹിജ്റ വർഷവും ശഅബാൻ മാസത്തിൽ നടക്കാറുള്ള ഖത്‌മുൽ ബുഖാരി സംഗമം ഇത്തവണ സമസ്‌ത നൂറാം വാർഷിക സമ്മേളനത്തോടനുബന്ധിച്ചാണ് റജബ് അവസാന വാരത്തിൽ സംഘടിപ്പിച്ചിട്ടുള്ളത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0