സൈബർ തട്ടിപ്പ് വീണ്ടും സജീവം; ബന്തിയോട് ഫേസ്ബുക്ക് പരസ്യത്തിൽ ക്ലിക്ക് ചെയ്ത യുവാവിന് രണ്ടു ലക്ഷത്തോളം രൂപ നഷ്ടമായി
കുമ്പള: സമൂഹമാധ്യമങ്ങളിൽ വരുന്ന വ്യാജ പരസ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ജനങ്ങൾ വീണ്ടും കബളിപ്പിക്കപ്പെടുന്നു. ഫേസ്ബുക്കിൽ കണ്ട പരസ്യ ലിങ്കിൽ ക്ലിക്ക് ചെയ്തതുവഴി ബന്തിയോട് സ്വദേശിയായ യുവാവിന് രണ്ട് ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. സംഭവത്തിൽ യുവാവ് കുമ്പള പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബാങ്കിന്റെ ക്രെഡിറ്റ് കാർഡിനായി അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള ഒരു പരസ്യം ഫേസ്ബുക്കിൽ കണ്ടാണ് യുവാവ് ഇതിൽ ആകൃഷ്ടനാകുന്നത്. തുടർന്ന് കാര്യമെന്തെന്നറിയാൻ പരസ്യത്തിലുണ്ടായിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ പ്രവേശിച്ചത് ബാങ്കിന്റെ വ്യാജ വെബ്‌സൈറ്റിലായിരുന്നു.
ഇതിനിടയിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് പലതവണയായി പണം നഷ്ടപ്പെടുകയായിരുന്നു. ആകെ 1,93,997 രൂപയാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടത്. പിന്നീട് ബാങ്ക് ബാലൻസ് പരിശോധിച്ചപ്പോഴാണ് വലിയ തുക നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെടുന്നത്. ഉടൻതന്നെ ബാങ്കുമായി ബന്ധപ്പെടുകയും തുടർന്ന് കുമ്പള പൊലീസിൽ പരാതി നൽകുകയും ചെയ്തു.
വ്യാജ ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുതെന്നും, വ്യക്തിഗത വിവരങ്ങളോ ഒ.ടി.പിയോ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്നും പൊലീസ് കർശന മുന്നറിയിപ്പ് നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0