ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; ഒരേ കുടുംബത്തിലെ 4 പേർ വെന്തുമരിച്ചു
ബെലഗാവി: കർണാടകയിലെ ബെലഗാവിയിൽ വീട്ടിനുള്ളിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ആളിപ്പടർന്ന തീയിൽപ്പെട്ട് ഒരേ കുടുംബത്തിലെ നാല് പേർ ദാരുണമായി വെന്തുമരിച്ചു. ബെലഗാവി സെൻട്രൽ ബസ് സ്റ്റാൻഡിന് സമീപമുള്ള ചാവട് ഗല്ലിയിലാണ് തിങ്കളാഴ്ച രാത്രിയോടെ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഗജാനൻ ദാമോനെ (65), ശാരദ ദാമോനെ (45), ഭാരതി ദാമോനെ (50), റോഷൻ ദാമോനെ (21) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രിയ ദാമോനെ (28), ഗംഗ ദാമോനെ (25) എന്നിവരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി കുടുംബാംഗങ്ങൾ എല്ലാവരും വീട്ടിൽ ഒത്തുചേർന്ന സമയത്തായിരുന്നു അപകടം. രാതി പെട്ടെന്ന് ഫ്രിഡ്ജ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും നിമിഷങ്ങൾക്കകം വീടാകെ തീ പടരുകയുമായിരുന്നു. പഴയ കെട്ടിടമായതിനാൽ തീ വളരെ വേഗത്തിൽ ആളിപ്പടർന്നതിനെ തുടർന്ന് ഉള്ളിൽ കുടുങ്ങിയവർക്ക് പുറത്തേക്ക് രക്ഷപ്പെടാനായില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയാണ് തീയണച്ചതും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതും. ഫ്രിഡ്ജിലെ കംപ്രസ്സർ പൊട്ടിത്തെറിച്ചതാണോ അതോ ഷോർട്ട് സർക്യൂട്ടാണോ അപകടകാരണമെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ ഫോറൻസിക് സംഘം പരിശോധന ആരംഭിച്ചതായും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്നും മാർക്കറ്റ് പൊലീസ് അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0