വീണ്ടും നീറ്റ് ദുരന്തം; പരീക്ഷാ സമ്മർദ്ദത്തെ തുടർന്ന് മഹാരാഷ്ട്രയിൽ വിദ്യാർത്ഥിനി ജീവനൊടുക്കി
മുംബൈ: രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാർത്ഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അഹല്യാനഗർ സ്വദേശിയായ അങ്കിത സുരേഷ് സാംഗ്ലെ (19) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുറത്തുവന്ന നീറ്റ് പുന:പ്പരീക്ഷാ ഫലത്തിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിലുള്ള മാനസിക വിഷമത്തെത്തുടർന്നാണ് പെൺകുട്ടി ഈ കടുംകൈ ചെയ്തതെന്ന് പോലീസ് അറിയിച്ചു. പ്രവേശന പരീക്ഷയിൽ 166 മാർക്ക് മാത്രമാണ് അങ്കിതയ്ക്ക് നേടാനായത്. ഇതേത്തുടർന്ന് കുട്ടി കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് ജലാൽപൂർ ഗ്രാമത്തിലെ വീട്ടിനുള്ളിൽ അങ്കിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്നും മറാഠിയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. തനിക്കും തന്റെ പഠനത്തിനും വേണ്ടി കുടുംബം ഒരുപാട് ത്യാഗങ്ങൾ സഹിച്ചുവെന്നും എന്നാൽ അവരുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ തനിക്ക് സാധിച്ചില്ലെന്നും അങ്കിത കുറിപ്പിൽ വ്യക്തമാക്കുന്നു. തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും കുറിപ്പിലുണ്ട്. നീറ്റ് പരീക്ഷാ ക്രമക്കേടുകളും ചോദ്യപ്പേപ്പർ ചോർച്ചാ വിവാദങ്ങളും രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടുമൊരു വിദ്യാർത്ഥിനിയുടെ ജീവൻ കൂടി നഷ്ടമായിരിക്കുന്നത്. സംഭവത്തിൽ അഹല്യാനഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
1
Wow
0