ബസുകളിൽ മൊബൈൽ ഫോൺ സ്പീക്കറിൽ ഉപയോഗിച്ചാൽ പിഴ; പുതിയ പെരുമാറ്റച്ചട്ടവുമായി തമിഴ്നാട് സർക്കാർ

Jul 29, 2026 - 14:28
ബസുകളിൽ മൊബൈൽ ഫോൺ സ്പീക്കറിൽ ഉപയോഗിച്ചാൽ പിഴ; പുതിയ പെരുമാറ്റച്ചട്ടവുമായി തമിഴ്നാട് സർക്കാർ

ചെന്നൈ: സർക്കാർ ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് പുതിയ പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സർക്കാർ. ഇനി മുതൽ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസുകളിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോണുകൾ സ്പീക്കറിലിട്ട് പാട്ടുകൾ കേൾക്കുന്നതിനും റീലുകളും വീഡിയോകളും കാണുന്നതിനും വിലക്കേർപ്പെടുത്തി. ബസിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ നിർബന്ധമായും ഹെഡ്‌സെറ്റുകൾ ഉപയോഗിക്കണമെന്ന് ഗതാഗത വകുപ്പ് പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

യാത്രയിലുടനീളം ഫോണിൽ ഉച്ചത്തിൽ സംസാരിക്കുന്നതും സ്പീക്കർ മോഡ് ഓണാക്കി കോൾ ചെയ്യുന്നതും ഒഴിവാക്കണമെന്ന് നിർദ്ദേശത്തിലുണ്ട്. സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ റീലുകളും വീഡിയോകളും കാണുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ കർശന നടപടി. ഈ നിയമം ലംഘിക്കുന്നവരിൽ നിന്നും 500 രൂപ മുതൽ 1,000 രൂപ വരെ പിഴ ഈടാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.  ബസുകളിൽ ബോധവൽക്കരണ സ്റ്റിക്കറുകൾപുതിയ നിർദ്ദേശങ്ങൾ യാത്രക്കാരിലേക്ക് എത്തിക്കുന്നതിനായി എല്ലാ സർക്കാർ ബസുകളുടെയും മുൻവാതിൽ, മധ്യഭാഗം, പിൻവാതിൽ എന്നിവിടങ്ങളിൽ ബോധവൽക്കരണ സ്റ്റിക്കറുകൾ പതിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറി നിർദ്ദേശം നൽകി.

പൊതുഗതാഗത വാഹനങ്ങളിൽ യാത്രക്കാർക്ക് സുഖകരവും സമാധാനപരവുമായ യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോർ വാഹന നിയമങ്ങൾ മുൻനിർത്തിയുള്ള ഈ നടപടി. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ആരെങ്കിലും മൊബൈൽ ഉപയോഗിച്ചാൽ ഡ്രൈവർക്കും കണ്ടക്ടർക്കും ഇതിൽ ഇടപെടാമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0