സി ജെ പിക്ക് പിന്നാലെ 'ഇ20 ജനതാ പാർട്ടി'; ലക്ഷ്യം നൂറ് ശതമാനം ശുദ്ധമായ പെട്രോൾ തിരഞ്ഞെടുക്കാനുള്ള അവകാശം

Jul 27, 2026 - 10:01
സി ജെ പിക്ക് പിന്നാലെ 'ഇ20 ജനതാ പാർട്ടി'; ലക്ഷ്യം നൂറ് ശതമാനം ശുദ്ധമായ പെട്രോൾ തിരഞ്ഞെടുക്കാനുള്ള അവകാശം

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങൾക്ക് വഴിതുറന്ന കോക്രോച്ച് ജനതാ പാർട്ടിക്ക് (CJP) പിന്നാലെ, കേന്ദ്ര സർക്കാരിന്റെ ഇന്ധന നയങ്ങൾക്കെതിരെ പുതിയ സോഷ്യൽ മീഡിയ കൂട്ടായ്മ സജീവമാകുന്നു. 'ഇ20 ജനതാ പാർട്ടി' (E20 Janta Party) എന്ന പേരിൽ എക്സ് (X), ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലാണ് ഉപഭോക്താക്കളുടെ അവകാശങ്ങൾക്കായി ഈ പുതിയ മുന്നേറ്റം രൂപംകൊണ്ടിരിക്കുന്നത്.  പെട്രോളിൽ 20 ശതമാനം എഥനോൾ നിർബന്ധപൂർവ്വം കലർത്തുന്ന (E20) കേന്ദ്ര നയത്തിനെതിരെയാണ് ഇവരുടെ പ്രതിഷേധം. എഥനോൾ കലർത്തിയ ഇന്ധനത്തോടൊപ്പം തന്നെ നൂറ് ശതമാനം ശുദ്ധമായ പെട്രോളും പമ്പുകളിൽ ലഭ്യമാക്കണമെന്നും, അതിൽ ഏത് വേണമെന്ന് സ്വയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താക്കൾക്ക് നൽകണമെന്നുമാണ് സംഘടനയുടെ പ്രധാന ആവശ്യം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ രാജി വരെ ഇവർ ആവശ്യപ്പെടുന്നുണ്ട്.  

രാജ്യവ്യാപകമായി എഥനോൾ ചേർത്ത ഇ20 പെട്രോൾ നിർബന്ധമാക്കിയതിന് പിന്നാലെ പഴയ വാഹനങ്ങളുടെ മൈലേജ് കുറയുന്നതായും, എൻജിൻ പാർട്സുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായും വലിയ പരാതികൾ ഉയർന്നിരുന്നു. ഇ10 ഇന്ധനത്തിനായി രൂപകൽപ്പന ചെയ്ത പഴയ വാഹനങ്ങളിൽ 3 മുതൽ 5 ശതമാനം വരെ മൈലേജ് കുറയാൻ സാധ്യതയുണ്ടെന്ന് അടുത്തിടെ പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.  നിലവിൽ എഥനോൾ കലരാത്ത 100-ഒക്ടേൻ പ്രീമിയം പെട്രോൾ രാജ്യത്ത് ലഭ്യമാണെങ്കിലും, ഇത് ചില പ്രത്യേക പമ്പുകളിൽ മാത്രമാണ് ഉള്ളത്. സാധാരണ പെട്രോളിനേക്കാൾ വളരെ ഉയർന്ന വിലയാണ് (ലിറ്ററിന് ഏകദേശം 169 രൂപയോളം) ഇതിന് ഈടാക്കുന്നത്. ഇത് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതല്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം. 

തുടക്കത്തിൽ ഒരു ഓൺലൈൻ ഉപഭോക്തൃ അവകാശ കൂട്ടായ്മയായി ആരംഭിച്ച 'ഇ20 ജനതാ പാർട്ടിക്ക്' ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ തന്നെ പതിനായിരക്കണക്കിന് ഫോളോവേഴ്സിനെയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ടാക്‌സി-ട്രാൻസ്പോർട്ട് സംഘടനകളും ഈ മുന്നേറ്റത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഡൽഹി ടാക്‌സി ആൻഡ് ടൂറിസ്റ്റ് ട്രാൻസ്‌പോർട്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വരുന്ന ഓഗസ്റ്റ് 4-ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0